എസ്ബിഐ അദാനിക്ക് നൽകിയത് 21,370 കോടി; ആശങ്കയില്ലെന്ന് ചെയർമാൻ
ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അദാനി ഗ്രൂപ്പ് സ്ഥാപനങ്ങൾക്ക് 2.6 ബില്യൺ ഡോളർ (ഏകദേശം 21,370 കോടി രൂപ) വായ്പ നൽകിയതായി റിപ്പോർട്ടുകൾ. നിയമപരമായി അനുവദിച്ച വായ്പാ തുകയുടെ പകുതിയോളം ഇത് വരുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എസ്ബിഐയുടെ വിദേശ ശാഖകളിൽ നിന്നാണ് 200 മില്യൺ ഡോളർ (ഏകദേശം 1,640 കോടി രൂപ) അദാനി ഗ്രൂപ്പിന് ലഭിച്ചിരിക്കുന്നത്. വായ്പകളുടെ കാര്യത്തിൽ അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്ന് ഇതുവരെ വീഴ്ചയുണ്ടായിട്ടില്ലെന്നും അതിനാൽ വായ്പാ പ്രശ്നത്തിൽ ഉടനടി പ്രതിസന്ധി ഉണ്ടാകാൻ സാധ്യതയില്ലെന്നും എസ്ബിഐ ചെയർമാൻ ദിനേഷ് കുമാർ ഖാര നേരത്തെ വ്യക്തമാക്കിയിരുന്നു.
എസ്ബിഐക്ക് പിന്നാലെ മറ്റ് ബാങ്കുകളും അദാനി ഗ്രൂപ്പിന്‍റെ വായ്പാ തിരിച്ചടവിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. അദാനി ഗ്രൂപ്പിന് 7,000 കോടി രൂപ വായ്പ നൽകിയതായി പഞ്ചാബ് നാഷണൽ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അതുൽ കുമാർ ഗോയൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു. അദാനി ഗ്രൂപ്പിന് അനുവദിച്ച വായ്പ തുക അവരുടെ മൊത്തം വായ്പാ തുകയുടെ വളരെ ചെറിയ ശതമാനം മാത്രമാണെന്ന് സ്വകാര്യമേഖലാ ബാങ്കുകളായ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ലിമിറ്റഡും ഇൻഡസ്ഇൻഡ് ബാങ്ക് ലിമിറ്റഡും പറഞ്ഞിരുന്നു. ഇതിനിടെ, അനുബന്ധ ഓഹരികളുടെ വില്‍പന റദ്ദാക്കിയിട്ടും അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ തകര്‍ച്ച തുടരുകയാണെന്നാണ് വിപണി റിപ്പോര്‍ട്ടുകള്‍ പറയുന്നത്.