വാഹനാപകടത്തിൽ ഡ്രൈവര്‍ മദ്യപിച്ചതിന്റെ പേരില്‍ ഇന്‍ഷുറന്‍സ് നിഷേധിക്കാനാകില്ല: ഹൈക്കോടതി
കൊച്ചി: ഡ്രൈവർ മദ്യപിച്ചിരുന്നു എന്ന കാരണത്താൽ വാഹനാപകടത്തില്‍ പരിക്കേറ്റ മൂന്നാം കക്ഷിക്ക് (തേര്‍ഡ് പാര്‍ട്ടി) ഇൻഷുറൻസ് തുക നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി. ഇൻഷുറൻസ് കമ്പനി ആദ്യം അപകടത്തിൽ പരിക്കേറ്റ മൂന്നാം കക്ഷിക്ക് ഇൻഷുറൻസ് തുക കൈമാറണം. അപകടത്തിന് കാരണമായ വാഹനത്തിന്‍റെ ഡ്രൈവറിൽ നിന്നും ഉടമയിൽ നിന്നും ഇൻഷുറൻസ് കമ്പനിക്ക് പിന്നീട് ഈ തുക ഈടാക്കാമെന്നും ജസ്റ്റിസ് സോഫി തോമസ് പറഞ്ഞു.
ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെങ്കിൽ ഇൻഷുറൻസ് ആനുകൂല്യത്തിന് അർഹതയില്ലെന്നാണ് ഇൻഷുറൻസ് കമ്പനി വാദിച്ചത്. ഇത് ഇൻഷുറൻസ് പോളിസി വ്യവസ്ഥകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞു. എന്നിരുന്നാലും, ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ഇൻഷ്വർ ചെയ്ത തുക നിഷേധിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
മദ്യപിച്ച ഡ്രൈവർ ഓടിച്ച കാറിടിച്ച് പരിക്കേറ്റ ഓട്ടോറിക്ഷാ യാത്രക്കാരൻ മലപ്പുറം സ്വദേശി മുഹമ്മദ് റഷീദ് നൽകിയ അപ്പീലിലാണ് ഉത്തരവ്. നിലമ്പൂർ സ്വദേശി ഇ.കെ. ഗിരിവാസൻ ഓടിച്ചിരുന്ന കാർ ഇടിച്ചാണ് അപകടമുണ്ടായത്. ഗിരിവാസൻ മദ്യപിച്ചിരുന്നു. ഇതിൽ 2,40,000 രൂപ നഷ്ടപരിഹാരമായി ട്രൈബ്യൂണൽ വിധിച്ചു. 39,000 രൂപ കൂടി അധികമായി നൽകാനാണ് ഹൈക്കോടതി ഉത്തരവ്.