പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം; പൊതുബജറ്റ് ബുധനാഴ്ച
ന്യൂഡല്‍ഹി: പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് ചൊവ്വാഴ്ച തുടക്കം. പാർലമെന്‍റിന്‍റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് ചൊവ്വാഴ്ച സെൻട്രൽ ഹാളിൽ രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം നടത്തും. ധനമന്ത്രി നിർമ്മല സീതാരാമൻ ബുധനാഴ്ച ലോക്സഭയിൽ പൊതു ബജറ്റ് അവതരിപ്പിക്കും.
പ്രസിഡന്‍റ് ദ്രൗപദി മുർമുവിന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗം കൂടിയാണിത്. രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ സാമ്പത്തിക സർവേയും ആദ്യ ദിവസം സഭയിൽ അവതരിപ്പിക്കും. ധനമന്ത്രി നിർമ്മല സീതാരാമൻ ബുധനാഴ്ച രാവിലെ 11 മണിക്ക് ലോക്സഭയിൽ ബജറ്റ് അവതരിപ്പിക്കും.
രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ച വ്യാഴാഴ്ച ഇരുസഭകളിലും ആരംഭിക്കും. ചർച്ചകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകും. നന്ദിപ്രമേയം പരിഗണിച്ച ശേഷമാകും ബജറ്റ് ചർച്ച. ആദ്യ രണ്ട് ദിവസങ്ങളിൽ ചോദ്യോത്തരവേളയും ശൂന്യവേളയും ഉണ്ടാകില്ലെന്ന് പാർലമെന്‍ററി ബുള്ളറ്റിനിൽ അംഗങ്ങളെ അറിയിച്ചിട്ടുണ്ട്.