വാർഷിക ബോണസായി ജീവനക്കാർക്ക് 70 കോടി നൽകി ചൈനീസ് കമ്പനി
ന്യൂ ഡൽഹി: ചൈനീസ് കമ്പനിയായ ഹെനാൻ മൈൻ ജീവനക്കാർക്ക് വർഷാവസാന ബോണസായി നൽകിയത് 61 മില്യൺ യുവാൻ (ഏകദേശം 70 കോടി രൂപ). കമ്പനിയുടെ വാർഷിക യോഗത്തിൽ രണ്ട് മീറ്റർ ഉയരത്തിൽ അടുക്കിവച്ചിരിക്കുന്ന പണ കൂമ്പാരത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. കമ്പനിയുടെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്‍റിലെ ജീവനക്കാരനാണ് വീഡിയോ ഷെയർ ചെയ്തത്.
ഹെനാൻ പ്രവിശ്യയിലെ കമ്പനി മികച്ച പ്രകടനം കാഴ്ചവച്ച മൂന്ന് സെയിൽസ് മാനേജർമാർക്ക് അഞ്ച് മില്യൺ യുവാൻ വീതം നൽകി. അതായത് ഏകദേശം 6 കോടി രൂപ. 30 ലധികം ആളുകൾക്ക് കുറഞ്ഞത് ഒരു മില്യൺ യുവാനും നൽകി.
ഓൺലൈനിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട ഈ വീഡിയോയിൽ ഒരു വേദിയിൽ പണം കൂട്ടിയിട്ടത് കാണിക്കുന്നു. ആളുകൾ കൈ നിറയെ പണവുമായി പോകുന്നതും കാണാം. അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ അത് ചുമക്കാൻ ഒന്നിലധികം പേർ വരേണ്ടിവന്നു. കാരണം പണത്തിന് അത്രയേറെ ഭാരമുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്ന വീഡിയോയ്ക്ക് നിരവധി കമന്‍റുകളും ലഭിച്ചിട്ടുണ്ട്.