ഇടുക്കി:കോവിഡ് ചികിത്സ താളംതെറ്റുന്നു : ആശുപത്രികൾ നിറഞ്ഞ് രോഗികൾ
ചെറുതോണി: കോവിഡ് 19 വ്യാപനം എല്ലാ പരിധികളുംകടന്ന് ജില്ലയിലും കുതിക്കുകയാണ്. കോവിഡ് ചികിത്സയുള്ള ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കയാണ്. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനാവാതെ ആശുപത്രി അധികൃതര്‍ വിഷമിക്കുന്നു. കോവിഡ് വ്യാപനത്തിന്റെ ആരംഭഘട്ടത്തില്‍ ആരംഭിച്ച ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ നിര്‍ത്തലാക്കിയതാണ് ഇത്രമാത്രം പ്രതിസന്ധിക്ക് കാരണമായത്.ജില്ലയില്‍ എട്ടു കേന്ദ്രങ്ങളാണ് കോവിഡ് രോഗികള്‍ക്കായി നിലവിലുള്ളത്.ഇതില്‍ രണ്ടിടത്തുമാത്രമാണ് വെന്റിലേറ്റര്‍ സൗകര്യത്തോടെ ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിത്സിക്കാന്‍ സൗകര്യമുള്ളൂ.
ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയും തൊടുപുഴ ജില്ലാ ആശുപത്രിയുമാണ് രോഗികള്‍ക്കുള്ള ഐസൊലേഷന്‍ വാര്‍ഡുള്ളത്. ഫസ്റ്റ് ലൈന്‍, സെക്കന്‍ഡ് ലൈന്‍ ട്രീറ്റുമെന്റുകളായി തൊടുപുഴ ന്യൂമാന്‍ കോളജ്, ഇടുക്കി മെഡിക്കല്‍ കോളജ് അക്കാഡമിക് ബ്ലോക്ക്, നെടുങ്കണ്ടം കരുണ ആശുപത്രി, കുമളി പെരിയാര്‍ ആശുപത്രി, കട്ടപ്പന ഫോര്‍ത്തുനാത്തൂസ് സെന്റര്‍, അടിമാലി ഇരുന്പുപാലം കോവിഡ് സെന്റര്‍ എന്നിവയാണുള്ളത്.
ജില്ലയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ രോഗബാധിതര്‍ കുറഞ്ഞതോടെ നിര്‍ത്തിയിരുന്നു. എന്നാല്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്പോഴും ഇത്തരം സ്ഥാപനങ്ങള്‍ പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കാത്തതാണ് പ്രതിസന്ധിക്കിടയാക്കുന്നത്. കോവിഡ് പോസിറ്റീവായ മറ്റു രോഗങ്ങളില്ലാത്തതുമായവര് വീടുകളില്‍തന്നെ നിരീക്ഷണത്തില്‍ കഴിയാനാണ് ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരും നിര്‍ദേശിക്കുന്നത്. എന്നാല്‍ വലിയ ആരോഗ്യപ്രശ്നങ്ങളില്ലാത്തവര്പോലും വീടുകളില്‍ കഴിയാന്‍ തയാറാവുന്നില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ഇത്തരക്കാര്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ആശുപത്രികളില്‍ ബഡ്ഡുകള്‍ കൈക്കലാക്കുന്പോള് ഗുരുതര ലക്ഷണങ്ങളുള്ളവരുടെ ജീവനാണ് വെല്ലുവിളിയാകുന്നത്.
കോവിഡ് രോഗികള്മൂന്നു വിഭാഗം
കോവിഡ് പോസിറ്റാവാണെങ്കിലും മറ്റു രോഗങ്ങളൊന്നുമില്ലാത്തതും നിസാര ലക്ഷണങ്ങളുള്ളവരും എ കാറ്റഗറിയില്‍ ഉള്‍പ്പെട്ടവരാണ്. ഇത്തരക്കാര്‍ വീടുകളില്‍തന്നെ കഴിയണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. മറ്റൊന്ന് രോഗലക്ഷണങ്ങള്‍ കാര്യമായുള്ളവരും എന്നാല്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലാത്തവരുമാണ്. ഇവര്‍ ബി കാറ്റഗറിയില്പെടുന്നു. ഇവരെയാണ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റ്റുകളില്‍ പ്രവേശിപ്പിക്കുന്നത്. മൂന്നാമത്തെ കൂട്ടരാണ് സി കാറ്റഗറിയില്‍ ഉള്‍പ്പെടുന്നവര്‍. ഇവര്‍ അതീവ ആരോഗ്യ പ്രശ്നങ്ങളോടു കൂടിയവരാണ്. ഇവര്‍ക്ക് ഓക്സിജന്റെയും ചിലപ്പോള്‍ വെന്റിലേറ്ററിന്റെവരെ സഹായം ആവശ്യമായി വരാം. ഇത്തരക്കാര്‍ക്കുള്ളതാണ് ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലെയും തൊടുപുഴ ജില്ലാ ആശുപത്രിയിലെയും സൗകര്യങ്ങള്‍.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 106 രോഗികളെയാണ് വെള്ളിയാഴ്ച ചികിത്സിച്ചിരുന്നത്. ഇതില്‍ 35 പേരെ ആശുപത്രിക്കു സമീപമുള്ള സിഎഫ്എല്‍ടിസിയില്‍ പ്രവേശിപ്പിക്കേണ്ടവരാണ്. എന്നാല്‍ ഇവിടെ സ്ഥലമില്ലാത്ത അവസ്ഥയാണ്. ആശുപത്രിയില്‍ ഇത്തരം ഗുരുതര പ്രശ്നമില്ലാത്തവര്‍ക്ക് സൗകര്യമൊരുക്കേണ്ടിവന്നതിനാല് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിക്കുന്ന രോഗികളെ സ്വകാര്യ ആശുപത്രികളിലേക്കും മറ്റു ജില്ലകളിലേക്കും പറഞ്ഞയക്കേണ്ടിവരികയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
വേണം രോഗബാധിതര്‍ക്ക് താമസിക്കാനൊരിടം
രോഗം ബാധിച്ച് വീടുകളില്‍ കഴിയാന്‍ അസൗകര്യങ്ങളുള്ള, എന്നാല്‍ മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലാത്തവര്‍ക്ക് താമസിക്കാനൊരിടം തയാറാക്കിയാല്‍ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ചികിത്സ നഷ്ടപ്പെടാതിരിക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് കേന്ദ്രങ്ങള്‍ തുടങ്ങണമെങ്കില്‍ കൂടുതല്‍ ഡോക്ടര്‍മാരും നഴ്സുമാരും മറ്റു ജീവനക്കാരും ആവശ്യമായിവരും. ഇത് സര്‍ക്കാരിന് സാന്പത്തിക ബാധ്യത വര്‍ധിപ്പിക്കും.
image: ഫയൽ ചിത്രം