നഷ്ടപ്പെട്ട പാസ്സ്പോർട്ട് തിരികെ! പൊലീസിനും, ഓട്ടോഡ്രൈവർക്കും നന്ദി അറിയിച്ച് സക്കറിയ
തിരുവനന്തപുരം : നഷ്ടപ്പെട്ട പാസ്സ്പോർട്ട് തിരിച്ചുകിട്ടാൻ വഴിയൊരുക്കിയ ഓട്ടോഡ്രൈവർക്കും, പൊലീസിനും നന്ദി രേഖപ്പെടുത്തി എഴുത്തുകാരൻ സക്കറിയ. പൊലീസിന്റെ ഇടപെടൽ തന്നിൽ മതിപ്പുളവാക്കിയെന്നും, അവരോടുള്ള തെറ്റിദ്ധാരണ മാറിയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ചന്തു എന്ന ഓട്ടോഡ്രൈവറാണ് കളഞ്ഞുകിട്ടിയ പാസ്സ്പോർട്ട് പൊലീസ് സ്റ്റേഷനിൽ നൽകിയത്. യാഥാർഥ്യ ബോധം നശിക്കാത്ത, ചിന്താശക്തിയുള്ള കോടിക്കണക്കിന് സാധാരണക്കാരുടെ പ്രതിനിധിയാണ് ചന്തുവെന്നും സക്കറിയ രേഖപ്പെടുത്തി.
രാഷ്ട്രീയാധികാരികൾ ദുരുപയോഗം ചെയ്യുന്ന സംവിധാനമാണ് പൊലീസ് എന്നായിരുന്നു അദ്ദേഹത്തിന്റെ ഇതുവരെയുള്ള വിമർശനം. എന്നാൽ തമ്പാനൂർ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ പ്രകാശും, സഹപ്രവർത്തകരും തന്നോട് നല്ല സമീപനമായിരുന്നുവെന്നും അദ്ദേഹം എടുത്തു പറഞ്ഞു. കടകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്ന സുഹൃത്താണ് കളഞ്ഞുകിട്ടിയ ഡയറി ചന്തുവിനെ ഏൽപ്പിച്ചത്. തുറന്നു നോക്കിയപ്പോൾ പാസ്സ്പോർട്ട് ആണെന്ന് മനസിലായി. കൂടാതെ കാലാവധി തീയതി 2027 വരെ എന്നും കണ്ടതിനാൽ ഉപയോഗത്തിലുള്ളതാണെന്ന് തിരിച്ചറിഞ്ഞ് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.