ഉപ്പുതറ ടൗൺ റോഡ്: മഴപെയ്താൽതോടാകുന്ന റോഡ്
ഉപ്പുതറ: മഴപെയ്താൽ ഉപ്പുതറ ടൗൺ റോഡ് തോടായി മാറും. ഒൻപതേക്കർ ജങ്ഷൻ മുതൽ കൊച്ചുപാലംവരെ റോഡ് നിറഞ്ഞാണ് വെള്ളം ഒഴുകുന്നത്. മഴതീർന്ന് മണിക്കൂറുകൾ കഴിഞ്ഞാലും കൊച്ചുപാലത്തിനു സമീപം വെള്ളക്കെട്ടുണ്ടാകും.
കൃഷിഭവൻ മുതലുള്ള വെള്ളമാണ് ഒൻപതേക്കർ റോഡിലൂടെ ഒഴുകി ടൗണിലെത്തുന്നത്. ശൗചാലയം ഇല്ലാത്തതിനാൽ ടൗണിലെത്തുന്ന ഭൂരിഭാഗം ജനങ്ങളും വ്യാപാരികളും മൂത്രം ഒഴിക്കുന്നത് ബൈപ്പാസിലാണ്. ഇത് ഉൾപ്പെടെയുള്ള മാലിന്യമാണ് ഒഴുകി ടൗണിലെത്തുന്നത്. ഈ സമയം റോഡിലൂടെ നടക്കാൻ കഴിയാത്ത വിധം ഒഴുക്കുണ്ട്. വാഹനങ്ങൾ പോകുമ്പോൾ വ്യാപാരസ്ഥാപനങ്ങളിലേക്ക് വെള്ളം തെറിച്ചുവീഴുകയാണ്.
ഒരുവശത്ത് ഓടയുണ്ടെങ്കിലും നിർമാണത്തിലെ അശാസ്ത്രീയത കാരണം ഒരുതുള്ളി വെള്ളംപോലും ഓടയിലേക്ക് വീഴില്ല. റോഡിനേക്കാളും ഉയർന്നാണ് ഓടയുടെ സ്ലാബ് നിൽക്കുന്നത്. സംസ്ഥാനപാതയുടെ ടാറിങ്ങിനിടെ വെള്ളക്കെട്ട് ഉണ്ടാകുന്ന ഭാഗം ഉയർത്തി നിർമിക്കുമെന്ന് പറഞ്ഞിരുന്നു.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ റോഡിലൂടെ വെള്ളം ഒഴുകുന്നതിന് പരിഹാരം കാണുമെന്നും പറഞ്ഞിരുന്നു. എന്നാൽ, പൊതുമരാമത്ത് വകുപ്പും പഞ്ചായത്തും നൽകിയ ഒരുറപ്പും പാലിച്ചില്ല.