കോവിഡ്: ശനി-ഞായർ ദിവസങ്ങളിൽ കർശന നിയന്ത്രണങ്ങൾ, ജില്ലയിൽ അനുവദനീയമായ അടിയന്തര പ്രവര്‍ത്തനങ്ങള്‍ ഇവയാണ്:
ഇടുക്കി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന വാരാന്ത്യ നിയന്ത്രണങ്ങൾ ലോക്ക് ഡൗണിനു സമാനമാകും. അവശ്യ സേവന മേഖലകൾക്കും അവശ്യ സേവനങ്ങൾക്കും മാത്രമാണ് രണ്ടു ദിവസങ്ങളിലും പ്രവർത്തിക്കാൻ അനുവധിയുള്ളത്.
ജില്ലയിൽ അനുവദനീയമായ അടിയന്തര പ്രവര്‍ത്തനങ്ങള്‍ ഇവയാണ്:
അടിയന്തര സേവനങ്ങളിലും കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ കേന്ദ്ര, സംസ്ഥാന ഓഫീസുകളും ഇവയുമായി ബന്ധപ്പെട്ട സ്വയംഭരണ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍ തുടങ്ങിയവയും പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കും. ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് തടസമില്ലാതെ സഞ്ചരിക്കാം.
അടിയന്തര സേവനങ്ങളുമായി ബന്ധപ്പെട്ടതും എല്ലാ ദിവസവും പ്രവര്‍ത്തിക്കേണ്ടവയുമായ എല്ലാ വ്യവസായങ്ങള്‍ക്കും കമ്പനികള്‍ക്കും സംഘടനകള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്. ഈ സ്ഥാപനങ്ങള്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡുള്ള ജീവനക്കാര്‍ക്ക് യാത്രാനുമതിയുണ്ടാകും.
ടെലികോം, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും വാഹനങ്ങള്‍ക്കും സ്ഥാപന മേധാവികള്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് സഞ്ചരിക്കാം.
ഐ.ടി, ഐ.ടി.ഇ.എസ് സ്ഥാപനങ്ങളിലെ അവശ്യ ജീവനക്കാര്‍ മാത്രം ഓഫീസുകളില്‍ എത്തിയാല്‍ മതിയാകും.
അടിയന്തിര വൈദ്യസഹായം ആവശ്യമുള്ള രോഗികള്‍ക്കും അവരുടെ സഹായികള്‍ക്കും കോവിഡ് വാക്സിനേഷനുവേണ്ടി കേന്ദ്രം അനുവദിച്ചു കിട്ടിയവര്‍ക്കും മതിയായ തിരിച്ചറിയല്‍ രേഖകള്‍ കൈവശം വച്ച് യാത്ര ചെയ്യാം.
ഭക്ഷണം, ഭഷ്യവസ്തുക്കള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍, ഇറച്ചി, മത്സ്യം എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് പ്രവര്‍ത്തനാനുമതിയുണ്ട്. ആളുകള്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുന്നതിന് അവശ്യ സാധനങ്ങളുടെ ഹോം ഡെലിവറി / പാർസൽ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്. ഹോം ഡെലിവറി നടത്തുമ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിക്കണം.
ഹോട്ടലുകളിലും റസ്റ്റോറന്‍റുകളിലും ആളുകളെ ഇരുത്തി ഭക്ഷണം വിളമ്പാൻ പാടില്ല. പാഴ്സല്‍ സര്‍വീസ് മാത്രം നടത്താം.
ദീര്‍ഘദൂര ബസുകള്‍, ട്രെയിനുകള്‍, വിമാന സര്‍വീസ് എന്നിവ അനുവദനീയമാണ്. ഇവ ഉപയോഗിക്കുന്നവരുടെ സൗകര്യാര്‍ത്ഥം വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് ടെര്‍മിനലുകള്‍(സ്റ്റാന്‍റുകള്‍, സ്റ്റോപ്പുകള്‍) എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള പൊതുഗതാഗത സംവിധാനങ്ങള്‍, ചരക്കുവാഹനങ്ങള്‍, സ്വകാര്യ വാഹനങ്ങള്‍, ടാക്സികള്‍ എന്നിവ അനുവദിച്ചിട്ടുണ്ട്. ഇത്തരം യാത്രകള്‍ നടത്തുന്നവരുടെ പക്കല്‍ സാധുവായ യാത്രാ രേഖകളോ ടിക്കറ്റുകളോ ഉണ്ടായിരിക്കണം. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുകയും വേണം.
കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വിവാഹം,ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്താവുന്നതാണ്.
ജില്ലയില്‍ അധിക നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള മേഖലകളില്‍ ഇതു സംബന്ധിച്ച ഉത്തരവ് പ്രകാരം നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും.