സർക്കാർ ഓഫീസുകൾക്ക് നാലാം ശനി അവധി; അന്തിമ തീരുമാനം മുഖ്യമന്ത്രി എടുക്കും
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് നാലാം ശനിയാഴ്‌ച അവധിയാക്കുന്നതില്‍ തീരുമാനം മുഖ്യമന്ത്രി എടുക്കും. സര്‍വീസ് സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ചീഫ് സെക്രട്ടറി ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടത്. നാലാം ശനിയാഴ്‌ച കൂടി അവധി നല്‍കുന്നതിന് സര്‍ക്കാര്‍ മുന്നോട്ടുവച്ച ഉപാധികളിലാണ് ഇടത് അനുകൂല സംഘടനകളടക്കം എതിര്‍പ്പ് രേഖപ്പെടുത്തിയത്.
പ്രത്യേക ഉപാധികള്‍ ഇല്ലാതെ അവധി അനുവദിക്കണമെന്നാണ് സംഘടനകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 10.15 മുതല്‍ 5.15 വരെ എന്ന പ്രവര്‍ത്തന സമയം 10 മുതല്‍ 5.15 വരെ ആക്കി നാലാം ശനിയാഴ്‌ച നല്‍കാമെന്ന ഉപാധിയാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. ഇതുകൂടാതെ കാഷ്വല്‍ ലീവുകള്‍ നിലവിലുള്ള 20ല്‍ നിന്ന് 15 ആയി കുറയ്ക്കും. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി വി പി ജോയിയും ഭരണപരിഷ്‌കാര വകുപ്പ് സെക്രട്ടറിയും സര്‍വീസ് സംഘടനകളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു.
എല്ലാ സംഘടനകളും ഈ ഉപാധിയെ എതിര്‍ക്കുകയാണ് ചെയ്‌തത്. ഇതേ തുടര്‍ന്ന് യോഗം തീരുമാനം ആകാതെ പിരിഞ്ഞിരുന്നു. സര്‍വീസ് സംഘടനകളുടെ മുഴുവന്‍ ആവശ്യങ്ങളും എഴുതി നല്‍കാന്‍ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ ലഭിച്ച നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് ഫയല്‍ കൈമാറിയിരിക്കുന്നത്.
ഭരണാനുകൂല സംഘടനകള്‍ അടക്കം കടുത്ത എതിര്‍പ്പാണ് ഇക്കാര്യത്തില്‍ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ തീരുമാനത്തോടെ സംഘടനകളുടെ എതിര്‍പ്പ് കുറയ്ക്കാനാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.