പ്രായം 41, രണ്ട് കുട്ടികളുടെ അമ്മ; മിസിസ് ക്വീൻ ഓഫ് ഇന്ത്യയായി തങ്കി
ന്യൂഡെൽഹി : ന്യൂഡെൽഹിയിൽ നടന്ന ദി മിസ് ആൻഡ് മിസിസ് ക്വീൻ ഓഫ് ഇന്ത്യ മത്സരത്തിൽ അഭിമാന കിരീടം ചൂടി കോഴിക്കോട്ടുകാരി. ജീവിതത്തിലെ അതിമനോഹരമായ നേട്ടങ്ങൾ കൈവരിക്കാൻ പ്രായം തടസ്സമല്ലെന്ന് തെളിയിച്ചുകൊണ്ട് താമരശ്ശേരി ചമൽ സ്വദേശി തങ്കി സെബാസ്റ്റ്യനാണ് മിസിസ് ഇന്ത്യ ആയത്. 40 നും 60 നും ഇടയിലുള്ളവർക്കായി നടത്തിയ ക്ലാസ്സിക് വിഭാഗത്തിലാണ് 41കാരി മനംകവർന്നത്.
യു.എസ് ഐ.ടി കമ്പനിയുടെ ഡയറക്ടറായ തങ്കി കുടുംബസമേതം ബാംഗ്ലൂരിലാണ് താമസം. ഒരിക്കൽ സുഹൃത്ത് അയച്ച സന്ദേശ പ്രകാരമാണ് വി.ആർ.പി പ്രൊഡക്ഷൻസിന്റെ മിസിസ് ഇന്ത്യ ഇന്റർനാഷണൽ കോസ്മോസ് മത്സരത്തിൽ വിജയിച്ച് മിസിസ് കർണാടക ആയത്. തുടർന്ന് വിജയികൾക്കായി ന്യൂഡെൽഹിയിൽ വച്ച് നടന്ന മത്സരത്തിൽ സെക്കന്റ് റണ്ണറപ്പും, കഴിഞ്ഞ ഡിസംബറിൽ കൊച്ചിയിൽ നടന്ന ഇൻഫ്രയിം മീഡിയ ലാബിന്റെ മിസിസ് മലയാളി മത്സരത്തിൽ ബെസ്റ്റ് ടാലന്റ് ടൈറ്റിലും വിജയിച്ചതോടെ ആത്മവിശ്വാസം ലഭിച്ചു.
സൗന്ദര്യത്തിന് പുറമേ ആത്മവിശ്വാസത്തിനും, വ്യക്തിത്വത്തിനുമായിരുന്നു മത്സരത്തിൽ കൂടുതൽ പ്രാധാന്യം. തുടക്കത്തിൽ സഹപ്രവർത്തകരും, കൂട്ടുകാരുമായിരുന്നു പ്രചോദനം. വിജയങ്ങൾ നേടിതുടങ്ങിയതോടെ കുടുംബവും പിന്തുണ നൽകി. ചമൽ മുരിയംവേലിൽ എം.ടി സെബാസ്റ്റ്യൻ വത്സമ്മ ദമ്പതികളുടെ മകളാണ് തങ്കി. ഭർത്താവ് ജിജു ജെയിംസ്. 13ഉം 10ഉം വയസ്സുള്ള എലീനയും , എഡ്വിനും ആണ് മക്കൾ