പൊതുരേഖയല്ല, വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കാനാവില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: കുറ്റപത്രങ്ങള്‍ പൊതുരേഖ അല്ലെന്നും വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കാനാകില്ലെന്നും സുപ്രീം കോടതി.
കുറ്റപത്രങ്ങള്‍ അന്വേഷണ ഏജന്‍സികളുടെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകനും മാദ്ധ്യമപ്രവര്‍ത്തകനുമായ സൗരവ് ദാസ് നല്‍കിയ ഹര്‍ജിയിലാണ് വിധി. ജസ്റ്റിസ് എം ആര്‍ ഷാ, ജസ്റ്റിസ് സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.
ബലാത്സംഗം, ലൈംഗികാതിക്രമം ഒഴികെയുള്ള കേസുകളുടെ എഫ് ഐ ആര്‍ 24 മണിക്കൂറിനകം വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് യൂത്ത് ബാര്‍ അസോസിയേഷന്‍ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നടത്തിയ വിധിന്യായം കുറ്റപത്രവുമായി കൂട്ടിച്ചേര്‍ക്കാനാകില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. നിരപരാധികളെ ഉപദ്രവിക്കാതിരിക്കാനും അവര്‍ക്ക് കോടതിയില്‍ നിന്ന് ഇളവ് ലഭിക്കുന്നതിനുമാണ് എഫ് ഐ ആര്‍ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുള്ളത്.
കുറ്റപത്രം പ്രസിദ്ധീകരിക്കണമെന്നുള്ള നിര്‍ദേശം പ്രതിയുടെയും ഇരയുടെയും അന്വേഷണ ഏജന്‍സികളുടെയും അവകാശത്തെ ഹനിക്കുന്നതാണ്. കുറ്റപത്രം എവിഡന്‍സ് ആക്ടിന്റെ പരിധിയില്‍ വരുന്ന പൊതുരേഖയല്ല. എഫ് ഐ ആര്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത് കുറ്റപത്രം ഇടുന്നതുമായി തുല്യമാകില്ലെന്നും കോടതി നിരീക്ഷിച്ചു.