പെരിന്തല്‍മണ്ണയിലെ പോസ്റ്റൽ വോട്ടുകൾ കാണാതായി; സീൽ പൊട്ടിയ നിലയിലെന്ന് റിപ്പോര്‍ട്ട്
മലപ്പുറം: പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി തർക്കത്തിലായിരുന്ന പോസ്റ്റൽ വോട്ടുകൾ കാണാതായി. അഞ്ചാം നമ്പർ ടേബിളിൽ എണ്ണിയ തപാൽ വോട്ടുകളാണ് കാണാതായത്. മലപ്പുറം ജില്ലാ സബ് കളക്ടർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിച്ചത്. ജോയിന്‍റ് രജിസ്ട്രാർ ഓഫീസിൽ നിന്ന് തിരിച്ച് ലഭിച്ചപ്പോൾ സീലുകൾ തകർന്ന നിലയിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
നേരത്തെ പെരിന്തൽമണ്ണയിൽ നിന്ന് കാണാതായ ബാലറ്റ് ബോക്സുകളിലൊന്ന് മലപ്പുറത്തെ സഹകരണ ജോയിന്‍റ് രജിസ്ട്രാറുടെ ഓഫീസിൽ നിന്ന് കണ്ടെത്തിയിരുന്നു. പെട്ടി തുറന്ന് പരിശോധിച്ചപ്പോൾ അഞ്ചാം നമ്പർ ടേബിളിൽ എണ്ണിയ സാധുവായ വോട്ടുകൾ കാണാനില്ലെന്നാണ് സബ് കളക്ടറുടെ വിശദീകരണം.
അതേസമയം പോസ്റ്റൽ വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തിയ രജിസ്റ്റർ കൃത്യമായി ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തർക്കത്തെ തുടർന്ന് എണ്ണാതെ കിടന്ന 348 സ്പെഷ്യൽ പോസ്റ്റൽ വോട്ടുകളുടെ പെട്ടികളിലൊന്നാണ് കാണാതായത്.