കെടിയുവിലും ആർത്തവ അവധി; സര്‍വ്വകലാശാലക്ക് കീഴിലെ എല്ലാ കോളജുകളിലും അവധി ബാധകം
കൊച്ചി: കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ (കെടിയു) ആർത്തവ അവധി. സർവകലാശാലയ്ക്ക് കീഴിലുള്ള എല്ലാ കോളേജുകളിലും അവധി അനുവദിക്കാൻ ബോർഡ് ഓഫ് ഗവേർണൻസ് തീരുമാനിച്ചു. ആർത്തവ സമയത്ത് വിദ്യാർത്ഥിനികൾ നേരിടുന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
കേരളത്തിൽ ആദ്യമായി കുസാറ്റ് സർവകലാശാലയാണ് ആർത്തവ അവധി പ്രഖ്യാപിക്കുന്നത്. എല്ലാ സർവകലാശാലകളിലും ആർത്തവ അവധി നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു നേരത്തെ വ്യക്തമാക്കിയിരുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നടപ്പാക്കിയ ആർത്തവകാല അവധി സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.
ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജർ വേണം. എന്നാൽ 73 ശതമാനം ഹാജർ ഉണ്ടെങ്കിലും വിദ്യാർത്ഥിനികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിക്കൊണ്ട് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഭേദഗതി കൊണ്ടുവന്നു. കെടിയുവും ഇതേ മാതൃകയാകും പിന്തുടരുക.