നാലുവർഷം മുൻപ് ലക്ഷങ്ങൾ മുടക്കി കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ച കോട്ടൻ ക്യാരി ബാഗ് നിർമാണ യൂണിറ്റ് പ്രവർത്തനരഹിതമായി നശിക്കുന്നു
നാലുവർഷം മുൻപ് ലക്ഷങ്ങൾ മുടക്കി കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ച കോട്ടൻ ക്യാരി ബാഗ് നിർമാണ യൂണിറ്റ് പ്രവർത്തന രഹിതമായിക്കിടന്ന് നശിക്കുന്നു.
35 ലക്ഷത്തോളം രൂപ മുടക്കി 2018 ഒക്‌ടോബറിൽ പ്രവർത്തനം ആരംഭിച്ച യൂണിറ്റ് തൊട്ടടുത്ത വർഷംതന്നെ പ്രവർത്തന രഹിതമായി.കട്ടപ്പന നഗരസഭാ മൈതാനത്തെ സ്‌റ്റേജിനോട് അനുബന്ധിച്ചു നിർമിച്ച യൂണിറ്റാണ് വർഷങ്ങളായി പൂട്ടിക്കിടന്ന് നശിക്കുന്നത്. നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്ന് വിവിധ ഘട്ടങ്ങളിലായി 35 ലക്ഷത്തോളം രൂപ യൂണിറ്റിനായി അനുവദിച്ചതിൽ 25 ലക്ഷത്തിലധികം രൂപ യന്ത്രോപകരണങ്ങൾ വാങ്ങാനായാണ് വിനിയോഗിച്ചത്.കുടുംബശ്രീയുടെ സഹകരണത്തോടെ പരിസ്ഥിതി സൗഹൃദ കോട്ടൻ ക്യാരി ബാഗുകൾ നിർമിക്കാൻ ലക്ഷ്യമിട്ടാണ് യൂണിറ്റ് ആരംഭിച്ചത്.
നഗരസഭയിലെ കുടുംബശ്രീ യൂണിറ്റുകളിൽ നിന്ന് പരിശീലനം ലഭിച്ച 35 പേരിൽ നിന്ന് 6 പേരെ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് യൂണിറ്റിലേക്ക് ജോലിക്കായി നിയോഗിച്ചിരുന്നത്.ആദ്യഘട്ടത്തിൽ 2100 കിലോ സഞ്ചികൾ ഉൽപാദിപ്പിക്കുകയും ചെയ്തു.
വൈകാതെ യന്ത്രത്തകരാർ ഉണ്ടായെങ്കിലും അത് നന്നാക്കി പദ്ധതിയുടെ പ്രവർത്തനം കുടുംബശ്രീയെ ഏൽപിച്ചു.
പിന്നീട് സേലത്തു നിന്ന് ആവശ്യമായ വസ്തുക്കൾ എത്തിച്ച് നോൺ വേവൻ ഫേബ്രിക് മെറ്റീരിയൽ ഉപയോഗിച്ച് നിർമാണം ആരംഭിച്ചു.
അര കിലോ മുതൽ 12 കിലോ വരെ ഭാരം വഹിക്കാനാവുന്ന സഞ്ചികൾ ഈ യന്ത്രം ഉപയോഗിച്ച് നിർമിക്കാനാകുമെന്നായിരുന്നു പ്രഖ്യാപനം. ഒരു മിനിറ്റിൽ ശരാശരി 80 സഞ്ചികൾ വരെ നിർമിക്കാനാകുമായിരുന്നു.സഞ്ചികളിൽ സ്ഥാപനത്തിന്റെ പേര് പ്രിന്റ് ചെയ്യാനുള്ള യന്ത്രവും ഉണ്ടായിരുന്നു.
പ്ലാസ്റ്റിക് നിരോധനത്തെ തുടർന്ന് വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുൾപെടെ ഓർഡറുകൾ ലഭിച്ചിരുന്നു.
എന്നാൽ പിന്നീട് യൂണിറ്റിന്റെ പ്രവർത്തനം താറുമാറായി.
അതിനിടെ യന്ത്രങ്ങൾ വാങ്ങിയതിൽ ഉൾപെടെ ക്രമക്കേട് നടന്നതായി ആരോപണം ഉയർന്നതോടെ യൂണിറ്റിന് പൂട്ടുവീണു.കൊട്ടിഘോഷിച്ച് നടപ്പാക്കിയ പദ്ധതിക്ക് പൂട്ടുവീണിട്ട് 4 വർഷങ്ങളായെങ്കിലും ഇതു സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനോ യൂണിറ്റ് വീണ്ടും പ്രവർത്തനക്ഷമമാക്കുന്നതിനോ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല.വർഷങ്ങളായി പൂട്ടിക്കിടക്കുന്ന യൂണിറ്റിനുള്ളിലെ യന്ത്രസാമഗ്രികൾ പൊടിപിടിച്ച് വെറുതെ കിടന്ന് നശിക്കുകയാണ്.
സ്ഥാപനവുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ അഴിമതി ആരോപണമാണ് പുറത്തു വരുന്നത്.
അഴിമതിയെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.