ഉടമ്പൻചോല കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഉദ്‌ഘാടനം ചെയ്‌ത താലൂക്കിലെ ആദ്യത്തെ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചില്ല


നെടുങ്കണ്ടം: ഉടമ്പൻചോല കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഉദ്‌ഘാടനം ചെയ്‌ത താലൂക്കിലെ ആദ്യത്തെ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചില്ല.പ്രവര്‍ത്തനം ആരംഭിച്ചില്ലെങ്കില്‍ മെഷീനുകള്‍ തിരിച്ചെടുക്കാന്‍ റോട്ടറി നടപടികള്‍ തുടങ്ങി. ഉടുമ്ബന്‍ചോല കുടുംബാരോഗ്യകേന്ദ്രത്തില്‍ റോട്ടറിയുടെ നേതൃത്വത്തിലാണ് ഡയാലിസിസ് യൂണിറ്റ് സ്‌ഥാപിച്ചത്. ആദ്യഘട്ടമായി മൂന്ന് ഡയാലിസിസ് മെഷീനുകളാണ് സ്‌ഥാപിച്ചത്. 50 ലക്ഷം രൂപ മുതല്‍ മുടക്കില്‍ സ്‌ഥാപിച്ച സെന്ററില്‍ ഓരോദിവസവും ആറ് രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യമാണുള്ളത്. ഭാവിയില്‍ പത്ത് മെഷീനുകള്‍വരെ സ്‌ഥാപിക്കുന്നതിനാവശ്യമായ സൗകര്യങ്ങളും ഇവിടെ തയാറാക്കിയിട്ടുണ്ട്. പദ്ധതിയുടെ പ്രധാന സ്‌പോണ്‍സറായ റോട്ടറി 30 ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചത്. സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ ഉടുമ്ബന്‍ചോല അഭിമന്യു ചാരിറ്റബിള്‍ സൊസൈറ്റിയും യൂണിറ്റിലേക്ക് ആവശ്യമായ ജീവനക്കാരെ ഉടുമ്ബന്‍ചോല ഗ്രാമപഞ്ചായത്ത് നല്‍കുന്നതിനുമാണ് ധാരണ ഉണ്ടായിരുന്നത്.എന്നാല്‍ സംസ്‌ഥാനത്ത് ആദ്യമായാണ് ഒരു കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡയാലിസിസ് യൂണിറ്റ് സ്‌ഥാപിച്ചത്. ഇതിന് ആരോഗ്യവകുപ്പിന്റെ അനുമതി ആവശ്യമാണ്. ഈ പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോള്‍ അനുമതി നല്‍കാമെന്ന് അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രി ഷൈലജ പഞ്ചായത്തിന് ഉറപ്പുനല്‍കിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് റോട്ടറി പദ്ധതി അംഗീകരിച്ചതും തുക അനുവദിച്ചതും. എന്നാല്‍ കഴിഞ്ഞ മേയ് 30ന് എം.എം.മണി എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌ത പദ്ധതി പ്രവര്‍ത്തനമാകാത്തതിനാല്‍ റോട്ടറി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരിക്കുകയാണ്. മെഷിന്‍ സ്‌ഥാപിച്ചിട്ടു ആറുമാസം കഴിഞ്ഞിട്ടും പ്രവര്‍ത്തനം നടക്കാത്തതിനാല്‍ ഇവ തിരികെയെടുക്കാന്‍ ഒരുങ്ങുകയാണ് റോട്ടറി. പഞ്ചായത്ത് അനുമതി വാങ്ങി പ്രവര്‍ത്തനം ആരംഭിക്കാത്തതില്‍ പ്രതിഷേധം ഉയരുന്നുണ്ട്. അതേസമയം ഇപ്പോഴത്തെ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കാന്‍ അനുമതി നല്‍കാന്‍ തയാറാകുന്നില്ലന്നാണ് പഞ്ചായത്ത് അധികൃതര്‍ റോട്ടറിക്ക് നല്‍കുന്ന മറുപടി. തോട്ടം തൊഴിലാളികളും കര്‍ഷകരും അടക്കമുള്ള സാധാരണക്കാര്‍ക്ക് ഉപകാരപ്രദമാകുന്ന തരത്തിലാണ് ഉടുമ്ബന്‍ചോല കുടുംബാരോഗ്യ കേന്ദ്രത്തില്‍ യൂണിറ്റ് സജ്‌ജീകരിച്ചിരിക്കുന്നത്.
നിലവില്‍ ഉടുമ്ബന്‍ചോല താലൂക്കില്‍ മറ്റ് ഡയാലിസ് സെന്ററുകള്‍ ഇല്ല. ഇതിനാല്‍ വിദൂര മേഖലകളിലുള്ള ആശുപത്രികളെയാണ് രോഗികള്‍ ആശ്രയിക്കുന്നത്.