മുൻകേന്ദ്രമന്ത്രിയും ആർജെഡി നേതാവുമായ ശരത് യാദവ് അന്തരിച്ചു.ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 10.19നായിരുന്നു അന്ത്യം.


ന്യൂഡൽഹി : അഞ്ചു പതിറ്റാണ്ട് ദേശീയ രാഷ്ട്രീയത്തിൽ നിർണായക സ്ഥാനം അലങ്കരിച്ച സോഷ്യലിസ്റ്റ് നേതാവും മുൻകേന്ദ്രമന്ത്രിയും ആർജെഡി നേതാവുമായ ശരത് യാദവ് (75) അന്തരിച്ചു. ഏറെ നാളായി അസുഖബാധിതനായിരുന്നു. 7 തവണ ലോക്സഭാംഗവും 4 തവണ രാജ്യസഭാംഗവുമായിരുന്ന ശരദ് യാദവ് 1989–90, 1999–04 കാലഘട്ടങ്ങളിൽ കേന്ദ്രമന്ത്രിയുമായി. 1989ൽ വി.പി.സിങ് സർക്കാരിൽ ടെക്സ്റ്റൈൽസ്, ഭക്ഷ്യസംസ്കരണ വകുപ്പുകളും 1999ലെ വാജ്പേയി സർക്കാരിൽ വ്യോമയാന, തൊഴിൽ, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പും കൈകാര്യം ചെയ്തു. 33 വർഷം പാർലമെന്റ് അംഗമായി.
നിതീഷ് കുമാർ ബിഹാറിൽ ബിജെപിയുമായി സഖ്യം ചേർന്നതിൽ പ്രതിഷേധിച്ച് 2018ൽ പാർട്ടി വിട്ട് ലോക്താന്ത്രിക് ജനതാദൾ (എൽജെഡി) രൂപീകരിച്ചു. എൽജെഡി കഴിഞ്ഞ വർഷം ലാലു പ്രസാദ് യാദവിന്റെ ആർജെഡിയിൽ ലയിച്ചു. മധ്യപ്രദേശ്, ബിഹാർ, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽ നിന്നാണു ലോക്സഭയിലെത്തിയത്. ബിഹാറിലെ മധേപുരയിൽ നിന്നായിരുന്നു നാലു തവണയും വിജയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ പ്രധാനമന്ത്രി ദേവെഗൗഡ തുടങ്ങിയവർ അനുശോചിച്ചു.