നിക്ഷേപ തട്ടിപ്പ് കേസ് പ്രതി പ്രവീണ്‍ റാണ കോയമ്പത്തൂരിൽ പിടിയില്‍
കോയമ്പത്തൂര്‍: സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീൺ റാണ അറസ്റ്റിലായി. തൃശ്ശൂർ പൊലീസിനെ വെട്ടിച്ച് കൊച്ചിയിൽ നിന്ന് രക്ഷപ്പെട്ട ഇയാളെ തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നിന്നാണ് പൊലീസ് സംഘം പിടികൂടിയത്.
ദിവസങ്ങൾക്ക് മുമ്പ് എറണാകുളത്ത് താമസിച്ചിരുന്ന ചിലവന്നൂരിലെ ഫ്ളാറ്റിൽ തൃശൂരിൽ നിന്നുള്ള പൊലീസ് സംഘം എത്തിയതോടെയാണ് ഇയാൾ രക്ഷപ്പെട്ടത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രവീൺ റാണയെ തേടി തൃശൂർ ഈസ്റ്റ് പൊലീസിന്‍റെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയിലെത്തിയിരുന്നു. കൊച്ചി സിറ്റി പൊലീസിനെ അറിയിക്കാതെയാണ് ഇവരുടെ പരിശോധന നടത്തിയത്. പ്രവീണിന്‍റെ ഫ്ലാറ്റിലേക്കുള്ള ലിഫ്റ്റിൽ പൊലീസ് സംഘം കയറിയപ്പോൾ ഇയാൾ മറ്റൊരു ലിഫ്റ്റിൽ പുറത്തിറങ്ങി.
രക്ഷപ്പെട്ട റാണ കാറിൽ ചാലക്കുടിയിലേക്ക് പോയതായി പൊലീസിന് വിവരം ലഭിച്ചു. ഇയാൾ ഫ്ളാറ്റിൽ നിന്ന് ഇറങ്ങിപ്പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. എന്നാൽ ചാലക്കുടിയിൽ വാഹനം പൊലീസ് തടഞ്ഞപ്പോൾ പ്രവീൺ അതിലുണ്ടായിരുന്നില്ല.
പ്രവീണിന് കൊച്ചിയിൽ വൻ സാമ്പത്തിക ഇടപാടുകളുണ്ടെന്നാണ് വിവരം. കൊച്ചിയിലെ വിവാദ ബാർ ഹോട്ടലിൽ ഇയാൾക്ക് പങ്കാളിത്തമുണ്ടെന്നാണ് സൂചന. പൂനെയിൽ ഒരു ഡാൻസ് ബാറും ഉണ്ട്. കൊച്ചിയിലടക്കം പൊലീസ് ഉദ്യോഗസ്ഥരുമായും ഉന്നത രാഷ്ട്രീയക്കാരുമായും ഇയാൾക്ക് ബന്ധമുണ്ടെന്നാണ് പറയപ്പെടുന്നത്.