നഷ്ടത്തിൽ റെക്കോർഡിട്ട് മസ്ക്; മസയോഷി സണ്ണിൻ്റെ റെക്കോർഡ് ഭേദിച്ചു
സാൻഫ്രാൻസിസ്കോ: ചരിത്രത്തിൽ ഏറ്റവും കൂടുതൽ വ്യക്തിഗത സമ്പത്ത് നഷ്ടപ്പെട്ട വ്യക്തിയെന്ന ലോക റെക്കോർഡ് ഇലോൺ മസ്കിന്. 2000 ൽ ജാപ്പനീസ് ടെക് നിക്ഷേപകനായ മസയോഷി സൺ സ്ഥാപിച്ച 58.6 ബില്യൺ ഡോളറിന്‍റെ റെക്കോർഡാണ് മസ്ക് മറികടന്നത്. 2021 നവംബറിന് ശേഷം മസ്കിന് ഏകദേശം 182 ബില്യൺ ഡോളർ (15 ലക്ഷം കോടി രൂപ) നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ. എന്നാൽ യഥാർത്ഥത്തിൽ 200 ബില്യൺ ഡോളർ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് മറ്റ് ചില സ്രോതസ്സുകൾ വ്യക്തമാക്കുന്നു.
ഇലോൺ മസ്കിന്‍റെ ആസ്തി 2021 നവംബറിലെ 320 ബില്യൺ ഡോളറിൽ നിന്ന് 2023 ജനുവരി വരെ 137 ബില്യൺ ഡോളറായി കുറഞ്ഞു. ടെസ്ലയുടെ ഓഹരികളുടെ മോശം പ്രകടനമാണ് ഇതിന് കാരണം. കഴിഞ്ഞ മാസം, അദ്ദേഹം 3.58 ബില്യൺ ഡോളർ മൂല്യമുള്ള ഓഹരി വിറ്റു. ഏപ്രിൽ മുതൽ അദ്ദേഹത്തിന്‍റെ മൊത്തം വിൽപ്പന 23 ബില്യൺ ഡോളറായി വർധിച്ചു.
മസ്കിനെ പിന്തള്ളി ഫ്രഞ്ച് ബിസിനസുകാരനായ ബെർണാഡ് അർനോൾട്ട് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി മാറിയിരുന്നു. ഒക്ടോബർ 21ന്, ടെസ്ല ആദ്യമായി ഒരു ട്രില്യൺ വിപണി മൂലധനം നേടിയിരുന്നു. അതേസമയം, ടെസ്ലയുടെ മേലുള്ള സമ്മർദ്ദം വർദ്ധിച്ചതോടെ ഓഹരികൾ ഇടിയാൻ തുടങ്ങി. ഈ വർഷം ടെസ്ലയുടെ ഓഹരികൾ വിറ്റാണ് മസ്ക് 44 ബില്യൺ ഡോളറിന് ട്വിറ്ററിനെ വാങ്ങിയത്.