ജില്ലയില്‍ ആദ്യമായി അങ്കണവാടി കുട്ടികള്‍ക്കായി കലോത്സവം സംഘടിപ്പിച്ച് കാമാക്ഷി ഗ്രാമപഞ്ചായത്ത്

ഇടുക്കി: ജില്ലയില്‍ ആദ്യമായി അങ്കണവാടി കുട്ടികള്‍ക്കായി കലോത്സവം സംഘടിപ്പിച്ച് കാമാക്ഷി ഗ്രാമപഞ്ചായത്ത്. 30 അങ്കണവാടികളില്‍ നിന്നായി 325 ഓളം കുരുന്ന് പ്രതിഭകള്‍ മഞ്ചാടി എന്ന പേരില്‍ സംഘടിപ്പിച്ച കലോത്സവമത്സരത്തില്‍ മാറ്റുരച്ചു. തങ്കമണി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തിയ കലോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.ജില്ലയില്‍ ഇത്തരത്തില്‍ അങ്കണവാടി കുട്ടികള്‍ക്കായി ഒരു കലോത്സവം സംഘടിപ്പിക്കുന്നത് ഇതാദ്യമായാണ്. കാമാക്ഷി ഗ്രാമ പഞ്ചായത്തും ഇടുക്കി ഐ സി ഡി എസും സംയുക്തമായാണ് കലോത്സവം സംഘടിപ്പിച്ചത്. സ്‌കൂള്‍ കലോത്സവങ്ങളോട് കിടപിടിക്കുന്ന തരത്തിലായിരുന്നു അങ്കണവാടി കലോത്സവവും. മത്സരാര്‍ത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും കൗമാരക്കാരും കലോത്സവ വേദിയില്‍ എത്തിയതോടെ മത്സരങ്ങള്‍ അരങ്ങ് കൊഴുത്തു. ആടിയും പാടിയും, പ്രച്ഛന്നവേഷത്തിലും കുട്ടികള്‍ അരങ്ങത്തെത്തിയതോടെ കാണികള്‍ നിറഞ്ഞ സദസ് ഏറെ ആവേശത്തിലായി.
കാമാക്ഷി ഗ്രാമപഞ്ചായത്തില്‍ നടന്ന അങ്കണവാടി കലോത്സവ മത്സരത്തില്‍ നിന്നും
യോഗത്തില്‍ ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാരിച്ചന്‍ നീര്‍ണാകുന്നേല്‍ മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ റിന്റാ ജോസഫ്, ജെസി കാവുങ്കല്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ചിഞ്ചുമോള്‍ ബിനോയി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സോണി ചൊളളാമഠം സി ഡി എസ് സൂപ്പര്‍വൈസര്‍ ഇന്ദുലേഖ ടി. ആര്‍, പഞ്ചായത്ത് സെക്രട്ടറി എം. വിജയന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.