മുതിര്‍ന്ന പൗരന്മാര്ക്ക് ആദരമായിനിര്മാണോദ്ഘാടനം
പദ്ധതി നിര്‍മാണോദ്ഘാടനം മുതിര്‍ന്ന പൗരന്മാര്ക്കുള്ള ആദരവാക്കി മാറ്റി ജനപ്രതിനിധികള്‍. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്തും വാഴത്തോപ്പ് ഗ്രാമപഞ്ചായത്തും ചേര്‍ന്ന് പൈനാവ് മേഖലയില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ നിര്‍മ്മാണ ഉദ്ഘാടനമാണ് പൈനാവ് ചേലക്കല്പടിയില് നടന്ന ചടങ്ങില്‍ പ്രദേശത്തെ മുതിര്‍ന്ന പൗരന്മാര്ക്കുള്ള ആദരവ് കൂടിയാക്കി മാറ്റിയത്. ജില്ലാ പഞ്ചായത്ത് പൈനാവ് ഡിവിഷനിലും വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലും ഉള്‍പ്പെടുന്ന ചേലക്കല്‍പടി പ്രദേശത്ത് 10 ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മിക്കുന്ന കാക്കനാട്ടുപടി കലുങ്കിന്റെ നിര്‍മ്മാണോദ്ഘാടനം മാതാംപറമ്പില്‍ തങ്കമ്മ രാഘവനും ജില്ലാപഞ്ചായത്ത് പദ്ധതിയിലെ 10 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് പദ്ധതിയിലെ 18 ലക്ഷം രൂപയും ഉള്‍പ്പെടെ 28 ലക്ഷം രൂപ ഉപയോഗിച്ച് ചെയ്യുന്ന ചേലക്കല്‍പടി മുതലുള്ള ടാറിംഗ് ജോലികളുടെ ഉദ്ഘാടനം സി.എഫ്. ആഗസ്തി ചേലക്കലുമാണ് നിര്‍വഹിച്ചത്. ജനപ്രതിനിധികളുടെ പ്രത്യേക താല്പര്യപ്രകാരമാണ് പ്രദേശത്തെ മുതിര്‍ന്ന വ്യക്തികളെ കൊണ്ട് ഉദ്ഘാടനം നിര്‍വഹിപ്പിച്ചത്.
വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് അംഗം രാജു ജോസഫ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ. ജി സത്യന് മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ പ്രദേശത്തെ കാരണവന്മാര് തങ്ങളുടെ പഴയകാല അനുഭവങ്ങള്‍ പങ്കുവെച്ചു. പ്രദേശത്ത് നിന്ന് താമസം മാറിപ്പോയവരും യോഗത്തില്‍ സന്നിഹിതരായി അനുഭവങ്ങള്‍ പങ്കുവെച്ചു. പ്രദേശത്തെ മുതിര്‍ന്ന വ്യക്തികളെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തു.
പെരിങ്കാല, മണിയാറന്‍കുടി പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ജില്ലാ ആസ്ഥാനത്തേക്കും ചെറുതോണി മേഖലയിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സഹായിക്കുന്ന ഈ പ്രദേശത്തെ ആദ്യകാല റോഡുകളില്‍ ഒന്നാണ് ചേലക്കല്പ്പടി മുക്കണ്ണന്‍കുടി റോഡ്. പ്രദേശവാസികള്‍ മുന്‍കൈയെടുത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മിച്ച ഈ മണ്ണ് റോഡിലെ വിവിധയിടങ്ങള്‍ 2018 ലെ പ്രളയത്തില്‍ ഇടിഞ്ഞു പോയതിനെത്തുടര്‍ന്ന് വാഹനയാത്ര ബുദ്ധിമുട്ടിലായിരുന്നു. ഈ വഴിയുടെ ടാറിംഗ് പൂര്‍ത്തിയാകുന്നതോടെ പ്രാദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമാകും.
പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആനന്ദ് ജെ, മുന്‍ പഞ്ചായത്ത് അംഗം അമ്മിണി ജോസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ:
- ജില്ലാ പഞ്ചായത്തും വാഴത്തോപ്പ് ഗ്രാമപഞ്ചായത്തും ചേര്‍ന്ന് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ നിര്‍മ്മാണ ഉദ്ഘാടനം പ്രദേശത്തെ മുതിര്‍ന്ന പൗരന്മാര് ചേര്‍ന്നു നിര്‍വഹിക്കുന്നു.