തേയില കൊളുന്തിന് വിലയിടിവ്;ചെറുകിട തേയില കര്‍ഷകര്‍ ദുരിതത്തില്‍
ഇടുക്കി :തേയില കൊളുന്തിന്റെ വിലയിടിവ് മൂലം ചെറുകിട തേയില കര്‍ഷകര്‍ ദുരിതത്തില്‍. പച്ചക്കൊളുന്തിന്റെ വിലയിടിഞ്ഞതാണ് ചെറുകിട തേയില കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നത്. ഉല്‍പാദന ചിലവിന് ആനുപാദികമായി വരുമാനം ലഭിക്കാത്തതാണ് കര്‍ഷകരെ കണ്ണീരിലാഴ്ത്തുന്നത്. ഏതാനും മാസം മുമ്പ് വരെ ഫാക്ടറികളില്‍ നിന്ന് ഒരു കിലോ കൊളുന്തിന് 32 രൂപ വരെ ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പരമാവധി 15 രൂപ വരെയാണ് ലഭിക്കുന്നത്. വേനല്‍ മഴ ലഭിച്ചതോടെ ഉല്‍പാദനം ഇരട്ടിയായി ഉയരുകയും ചെയ്തു. വന്‍കിട കമ്പനികളുടെ സ്വന്തം തോട്ടത്തില്‍ ഉല്‍പാദനം കൂടിയതോടെ ഇവര്‍ ചെറുകിടക്കാരുടെ പക്കല്‍ നിന്നും കൊളുന്ത് വാങ്ങുന്നത് പകുതിയായി കുറച്ചതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി.തേയിലയുടെ കയറ്റുമതി കുറഞ്ഞതും ആഭ്യന്തര വിപണിയില്‍ മാന്ദ്യം സംഭവിച്ചതും വില്‍പന കുറയാന്‍ ഇടയാക്കി. സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ കിറ്റില്‍ തേയില ലഭിക്കുന്നതിനാല്‍ പൊതുവിപണിയിലും വില്‍പന പൊതുവെ കുറഞ്ഞു. കോവിഡ് കാരണം ചായക്കടകളിലും, ഹോട്ടലുകളിലും ആളുകള്‍ കുറഞ്ഞതിനാല്‍ തേയിലയുടെ ഉപയോഗം പകുതിയില്‍ താഴെയായി. ഗുണമേന്മക്കനുസരിച്ച് ഒരു കിലോ തേയിലക്ക് 220രൂപ മുതലാണ് വില ഈടാക്കുന്നത്. കമ്പിനികള്‍ ഈ വില ഈടാക്കുമ്പോഴും ഇതിന്റെ ആനുപാദികമായ വില കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. പീരുമേട് താലൂക്കില്‍ 10000 ല്‍ അധികം ചെറുകിട തേയില കര്‍ഷകരാനുള്ളത്. ഇവര്‍ ഉല്‍പാദിപ്പിക്കുന്ന കൊളുന്ത് ഇടനിലക്കാര്‍ വഴിയാണ് ഫാക്ടറികളില്‍ വില്‍ക്കുന്നത്. കൈ കൊണ്ട് എടുത്താല്‍ ദിവസേന 25 കിലോ കൊളുന്ത് എടുക്കാം. ഇതില്‍ തൊഴിലാളിക്ക് 450 രൂപ കൂലിയാണ് കൊടുക്കേണ്ടത്. ഷിയര്‍ കൊണ്ടെടുത്താല്‍ 100 കിലോ എടുക്കാന്‍ കഴിയും .കൂലി 600 രൂപയോളം കൊടുക്കണം. വളം, കീടനാശിനി, കൂലി എന്നിവ കഴിയുമ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത് നഷ്ടം മാത്രമാണ്. വിലക്കുറവ് കാരണം കൊളുന്ത് വന്‍കിട ഫാക്ടറികള്‍ എടുക്കാതിരുന്നാല്‍ ഭീമമായ നഷ്ടത്തിലേക്കാണ് കര്‍ഷകര്‍ എത്തപ്പെടുന്നത്. മൂന്നാര്‍ ഉള്‍പ്പെടെയുള്ള പ്രദേശത്തെ ഫാക്ടറികളിലേക്ക് മുന്‍പ് ദിവസേന ഒരു ലക്ഷം കിലോ കൊളുന്താണ് ചെറുകിടക്കാര്‍ക്കിടയില്‍ നിന്നും എത്തിയിരുന്നത്. ഇപ്പോള്‍ 50000-ല്‍ താഴെ മാത്രമാണ് വില്‍പന നടത്താന്‍ കഴിയുന്നത്. ഫാക്ടറികളില്‍ കൊളുന്ത് കെട്ടിക്കിടക്കുന്നത് കാരണം കൊളുന്ത് എടുക്കുന്നത് കുറച്ചതും ഇതിന്‍ മൂലമുള്ള വിലയിടിവുമാണ് കര്‍ഷകരെ ദുരിതത്തിലാക്കിയത്. പലരും വായ്പ എടുത്താണ് കൃഷി നടത്തിയിരിക്കുന്നത്. ഈ അവസ്ഥയില്‍ കൃഷി അവസാനിപ്പിക്കാനും തുടരാനും കഴിയാത്ത അവസ്ഥയിലാണ് തേയില കര്‍ഷകര്‍.