കോവിഡ് നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില;തമിഴ്‌നാട്ടിലേക്ക് മലയാളികളുടെ ഒഴുക്ക്
ഇടുക്കി : കോവിഡ് വ്യാപനം കൂടി വരുമ്പോഴും തമിഴ് നാട്ടിലെ മുന്തിരിതോട്ടങ്ങളിലേക്ക് മലയാളികളുടെ ഒഴുക്ക്. കോവിഡും ലോക്ഡൗണും മൂലം വീട്ടിനുള്ളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ ശ്വാസമടക്കിയിരുന്ന മലയാളികള്‍ കൂട്ടത്തോടെ വീട് വിട്ടിറങ്ങി തുടങ്ങി. കേരള അതിര്‍ത്തിയില്‍ നിന്നും പത്തുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിന് സമീപമുള്ള മുന്തിരിതോട്ടങ്ങളിലെത്താം. ഈസ്റ്ററിനും പിറ്റേന്നും വിഷുവിനും അഭൂതപൂര്‍വമായ തിരക്കാണ് മുന്തിരിതോട്ടങ്ങളില്‍ ദൃശ്യമായത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും നിരവധിയാളുകളാണ് മുന്തിരിതോട്ടം കാണാന്‍ എത്തുന്നത്. മുന്തിരിതോട്ടത്തില്‍ സമയം ചിലവഴിക്കുന്നതും സെല്‍ഫിയെടുക്കുന്നതും മിക്കവര്‍ക്കും നവ്യാനുഭവമാണ്. കമ്പത്തിനും ഗുഡല്ലൂരിനുമിടയില്‍ മൂന്നു തോട്ടങ്ങളിലാണ് സഞ്ചാരികള്‍ക്ക് പ്രവേശനമുള്ളത്. സഞ്ചാരികള്‍ എത്തുന്നത് തോട്ടം ഉടമക്കും നേട്ടമാണ്. ഇവിടെ ഉല്‍പാദിപ്പിക്കുന്ന ആയിരകണക്കിന് കിലോ മുന്തിരിയാണ് ദിവസവും വിറ്റഴിയുന്നത്. മുന്തിരിക്കൊപ്പം വൈന്‍ ഉള്‍പ്പടെയുള്ള മുന്തിരി ഉല്‍പന്നങ്ങളും തോട്ടത്തില്‍ ലഭ്യമാണ്. അറുപത് രൂപയാണ് ഇന്നലെത്തെ മുന്തിരിവില. കൃഷിയും വിളവെടുപ്പും ആദ്യമായി കാണുന്നത് അനുഭവഭേദ്യമാക്കിയാണ് മലയാളി അതിര്‍ത്തി കടക്കുന്നത്. ഇ-പാസ് നിര്‍ബന്ധമാക്കിയതിനാല്‍ വരും ദിവസങ്ങളില്‍ തമിഴ്‌നാട്ടിലേക്കുള്ള യാത്ര കുറയും.