ആശുപത്രിയിലേക്കുള്ള വഴിയിൽ കാട്ടാന; ചികിത്സ കിട്ടാതെ നവജാതശിശു മരിച്ചു


അടിമാലി • ആദിവാസിക്കുടിയിൽനിന്ന് ആശുപത്രിയിലെത്തിക്കാനുള്ള വഴിയിൽ കാട്ടാന ഇറങ്ങിയതിനെത്തുടർന്നു നവജാതശിശു മരിച്ചു. വാളറ കുളമാൻകുഴിക്കു സമീപം പാട്ടിയിടുമ്പുകുടിയിൽ പനി ബാധിച്ചു ഗുരുതരാവസ്ഥയിലായ 22 ദിവസം പ്രായമുള്ള ആൺകുട്ടിയാണു മരിച്ചത്. രവി – വിമല ദമ്പതികളുടെ മകനാണ്.വെള്ളിയാഴ്ച രാത്രി ഒരുമണിയോടെ പനി കലശലായതോടെ കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്നതിനായി കുടുംബാംഗങ്ങൾ കുടിയിൽനിന്ന് ഇറങ്ങിയെങ്കിലും വഴിയിൽ കാട്ടാനയുണ്ടെന്ന് അറിഞ്ഞതോടെ തിരികെ വീട്ടിലേക്കു മടങ്ങുകയായിരുന്നു. കുടിയിൽനിന്നു 3 കിലോമീറ്റർ സഞ്ചരിച്ചാൽ മാത്രമേ വാളറ ദേശീയപാതയിൽ എത്തുകയുള്ളൂ. ജീപ്പിലൂടെ മാത്രമേ കുടിയിലെത്താൻ സാധിക്കൂ. അച്ഛനും അമ്മയും ബന്ധുക്കളും ചേർന്നു കുട്ടിയെ കയ്യിലെടുത്തു നടന്നുപോകുന്നതിനിടെയാണു കാട്ടുപാതയിൽ ആനയുണ്ടെന്ന വിവരം അറിഞ്ഞത്.ഇന്നലെ പകൽ കുട്ടിയെ ആശുപത്രിയിലെത്തിക്കാമെന്നു തീരുമാനിച്ച് ഇവർ മടങ്ങി. ഇന്നലെ രാവിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചു. ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. ന്യൂമോണിയ ബാധിച്ചതാണു മരണകാരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അടിമാലി പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.