നാഷണല്‍ ഹൗസ് പാര്‍ക്ക്; ഭവനമാതൃകളെക്കുറിച്ചുള്ള പഠനത്തിനായി കേരള സംഘത്തിന്റെ ചെന്നൈ സന്ദർശനം
ചെന്നൈ: കേരള ഭവനനിര്‍മാണവകുപ്പ് തിരുവനന്തപുരത്ത് നിര്‍മ്മിക്കുന്ന നാഷണല്‍ഹൗസ് പാര്‍ക്കിൽ ഒരുക്കാന്‍ കഴിയുന്ന ഭവനമാതൃകളെക്കുറിച്ചുള്ള പഠനത്തിന് മന്ത്രി കെ. രാജൻ്റെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയില്‍ സന്ദര്‍ശനം നടത്തി. തമിഴ്നാട് ഹൗസിംഗ് ബോർഡും അർബൻ ഹൗസിംഗ് ഡെവലപ്മെന്‍റ് ബോർഡും നിർമിക്കുന്ന ബജറ്റ് ഫ്ളാറ്റുകളും മദ്രാസ് ഐ.ഐ.ടി പൂർവ്വ വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്ത ത്രിമാന വീടുകളും അവലോകനം ചെയ്തു.
തമിഴ്നാട് സർക്കാരിൻ്റെ ഭവന പദ്ധതിയെ പറ്റി ഭവന നിർമ്മാണവകുപ്പുമന്ത്രി മുത്തുസാമിയുമായി അദ്ദേഹം ചർച്ച നടത്തി. മലയാളികളായ മുന്‍ ഐ.ഐ.ടി വിദ്യാര്‍ഥികള്‍ ആരംഭിച്ച സ്റ്റാര്‍ട്ടപ്പുമായി തിരുവനന്തപുരത്ത് ത്രിമാനഭവനങ്ങളുടെ സോദാഹരണ വിവരണം നടത്തുന്നതിന് ധാരണയിലെത്തി. ചെന്നൈയ്ക്ക് അടുത്തുള്ള ദക്ഷിണചിത്രയിലുള്ള വിവിധ ഭവന മാതൃകകളും സംഘം സന്ദര്‍ശിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, കേരള സംസ്ഥാന നിർമിതി കേന്ദ്ര ഡയറക്ടർ ഡോ.ഫെബി വർഗീസ് എന്നിവരും സന്നിഹിതരായിരുന്നു.
കേരള ഭവന നിർമ്മാണ വകുപ്പിനു കീഴിലുള്ള കേരള സംസ്ഥാന നിർമ്മിതി കേന്ദ്രമാണ് തിരുവനന്തപുരത്ത് ആറേക്കർ സ്ഥലത്ത് ഭവന നിർമ്മാണ പാർക്ക് സ്ഥാപിക്കുന്നത്. പുതിയ കാലത്തെ ഭവന രീതികളും സാങ്കേതികവിദ്യകളും പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.