മോക്ക്ഡ്രിൽ അപകടത്തിൽ മരിച്ച ബിനുവിൻ്റെ കുടുംബത്തിന് ധനസഹായം; 4 ലക്ഷം നൽകും

പത്തനംതിട്ട: കല്ലൂപ്പാറയിൽ മോക്ക് ഡ്രില്ലിനിടെ മണിമലയാർ പുഴയിൽ മുങ്ങിമരിച്ച ബിനു സോമന്‍റെ കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. ബിനു സോമന്‍റെ നിയമപരമായ അനന്തരാവകാശിക്കാണ് സാമ്പത്തിക സഹായം നൽകുന്നത്. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 4 ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ബിനു സോമൻ ഔദ്യോഗിക വീഴ്ചയുടെ ഇരയായിരുന്നു. റവന്യൂ, ആരോഗ്യം, പഞ്ചായത്ത്, അഗ്നിശമന സേന, എൻഡിആർഎഫ്, പൊലീസ് വകുപ്പുകളാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്. കല്ലൂപ്പാറ പഞ്ചായത്തിൽ ചേർന്ന കൂടിയാലോചനായോഗത്തിലാണ് അമ്പാട്ടുഭാഗത്ത് കോമളം പാലത്തിന് സമീപം മോക്ക്ഡ്രിൽ നടത്താൻ തീരുമാനിച്ചത്. എന്നാൽ പിറ്റേന്ന് രാവിലെ നിശ്ചയിച്ച സ്ഥലത്ത് നിന്ന് നാല് കിലോമീറ്റർ മാറി അപകടം നടന്ന പടുതോടേക്ക് മോക്ക്ഡ്രിൽ മാറ്റി.
എൻ.ഡി.ആർ.എഫാണ് സ്ഥലം മാറ്റിയതെന്ന് ജില്ലാ കളക്ടർ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. തഹസിൽദാർ പോലും സ്ഥലം മാറ്റിയ വിവരം അറിയുന്നത് വൈകിയാണ്. എത്താനുള്ള സൗകര്യം കണക്കിലെടുത്താണ് സ്ഥലംമാറ്റിയതെന്നാണ് എൻ.ഡി.ആർ.എഫ് നൽകിയ വിശദീകരണം.
















































































































