ജനുവരി ഒന്നു മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്‍കും
ന്യൂഡെല്‍ഹി: ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (NFSA) പ്രകാരം 81.35 കോടി ഗുണഭോക്താക്കള്‍ക്ക് ജനുവരി ഒന്നു മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്‍കും.2023 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ എല്ലാ ഗുണഭോക്താക്കള്‍ക്കും സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുമെന്ന് ഭക്ഷ്യ മന്ത്രാലയം അറിയിച്ചു.
2023-ല്‍ രണ്ട് ലക്ഷം കോടി രൂപയുടെ ഭക്ഷ്യ സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (FCI) ജനറല്‍ മാനേജര്‍മാരോട് അവരുടെ അധികാരപരിധിയിലുള്ള മൂന്ന് റേഷന്‍ കടകള്‍ നിര്‍ബന്ധമായും സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ കണക്കിലെടുത്ത്, ഗുണഭോക്താക്കള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്ന ഡീലര്‍ക്ക് ലാഭം നല്‍കുന്നതിനുള്ള സംവിധാനം സംബന്ധിച്ച് മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
കേന്ദ്രത്തിന്റെ പുതിയ സംയോജിത ഭക്ഷ്യ സുരക്ഷാ പദ്ധതി 2023 ജനുവരി ഒന്ന് മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യ മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു. എന്‍എഫ്‌എസ്‌എയുടെ കാര്യക്ഷമവും ഏകീകൃതവുമായ നടപ്പാക്കലും ഈ പദ്ധതി ഉറപ്പാക്കും. നേരത്തെ, ഗുണഭോക്താക്കള്‍ 2022 ഡിസംബര്‍ 31 വരെ ഒരു കിലോയ്ക്ക് 1-3 രൂപ നിരക്കിലാണ് ഭക്ഷ്യ ധാന്യങ്ങള്‍ നല്‍കിയിരുന്നത്. കൂടാതെ, കോവിഡ് സമയത്ത് 2020 ഏപ്രിലില്‍ ആരംഭിച്ച പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (PMGKAY) പ്രകാരം സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ പക്ഷേ, പലതവണ നീട്ടിയ ഈ പദ്ധതി, 2022 ഡിസംബര്‍ 31-ന് കാലഹരണപ്പെട്ടു.
തുടര്‍ന്ന്, മന്ത്രിസഭയുടെ അംഗീകാരത്തോടെ രണ്ട് ഭക്ഷ്യ സബ്‌സിഡി പദ്ധതികളും പുതിയ സംയോജിത പദ്ധതിക്ക് കീഴില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഗുണഭോക്തൃ തലത്തില്‍ എന്‍എഫ്‌എസ്‌എയ്ക്ക് കീഴില്‍ ഭക്ഷ്യസുരക്ഷയില്‍ ഏകീകൃതതയും വ്യക്തതയും കൊണ്ടുവരാനാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു. 2023-ല്‍ എല്ലാ എന്‍എഫ്‌എസ്‌എ ഗുണഭോക്താക്കള്‍ക്കും, അന്ത്യോദയ അന്ന യോജന (എഎവൈ) കുടുംബങ്ങള്‍ക്കും മുന്‍ഗണനാ കുടുംബ വ്യക്തികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്‍കും. എന്‍എഫ്‌എസ്‌എയ്ക്ക് കീഴില്‍ നല്‍കുന്ന അന്ത്യോദയ അന്ന യോജന (എഎവൈ) കുടുംബങ്ങള്‍ക്ക് പ്രതിമാസം 35 കിലോഗ്രാം വീതം മുന്‍ഗണനാ കുടുംബ വിഭാഗത്തിന് പ്രതിമാസം അഞ്ച് കിലോ വീതം അനുവദിക്കും.