ചൈനയിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന; ജനുവരിയിൽ സ്ഥിതി രൂക്ഷമാകും
കാൻബറ: ചൈനയിൽ പ്രതിദിനം 9,000 ലധികം പേർ കോവിഡ്-19 ബാധിച്ച് മരിക്കുന്നുവെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർഫിനിറ്റി എന്ന കമ്പനിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഓസ്ട്രേലിയൻ മാധ്യമങ്ങളാണ് കണക്കുകൾ പുറത്തുവിട്ടത്. കോവിഡ് മുക്ത ലക്ഷ്യം കൈവരിക്കുന്നതിനായി ചൈനയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജനങ്ങൾ എതിർത്തതിനെ തുടർന്ന് പിൻവലിച്ചിരുന്നു. ഇതോടെ കോവിഡ് വ്യാപനം അനിയന്ത്രിതമായി.
ഡിസംബറിൽ 100,000 പേർ മരിച്ചതായാണ് റിപ്പോർട്ട്. 18.6 ദശലക്ഷത്തിലധികം കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനുവരി പകുതിയോടെ പ്രതിദിനം 3.7 ദശലക്ഷം കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടും. ജനുവരി 23 ആകുമ്പോഴേക്കും 584,000 മരണങ്ങളുണ്ടാകും. മാർച്ചോടെ ഒരു ബില്യൺ ആളുകൾക്ക് കോവിഡ്-19 ബാധിക്കും. നിലവിൽ, ജനസംഖ്യയുടെ 30 ശതമാനം വരുന്ന 400 ദശലക്ഷം ആളുകൾക്ക് രോഗം ബാധിച്ചു. കോവിഡ് വ്യാപനം അതിരൂക്ഷമാണെങ്കിലും ആളുകൾ പതിവുപോലെ ജോലി ചെയ്യാൻ പോകുന്നുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ളവർ മാത്രമാണ് ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നത്. കോവിഡ്-19 കേസുകളുടെ കൃത്യമായ കണക്കുകൾ ചൈന പുറത്തുവിടുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ലോകത്ത് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ വ്യാപനത്തിനാണ് ചൈന സാക്ഷ്യം വഹിക്കുന്നതെന്ന് ചൈനയുടെ നാഷണൽ ഹെൽത്ത് കമ്മീഷൻ (എൻഎച്ച്സി) തിങ്കളാഴ്ച സ്ഥിരീകരിച്ചു. അപ്പാർട്ട്മെന്‍റിലുണ്ടായ തീപിടുത്തത്തിൽ 10 പേർ മരിച്ചതോടെയാണ് ജനങ്ങൾ പ്രതിഷേധം ആരംഭിച്ചത്. തീ അണയ്ക്കാൻ അഗ്നിരക്ഷാസേനയുടെ സംഘം സ്ഥലത്തെത്തിയെങ്കിലും കോവിഡ് പ്രോട്ടോക്കോൾ കാരണം അവിടേക്ക് പോകാൻ കഴിഞ്ഞില്ല. ഇതോടെ 10 പേർ മരണത്തിനു കീഴടങ്ങി. പ്രതിഷേധം ശക്തമായതോടെ കർശനമായ നിയമങ്ങൾ പിന്നീട് നീക്കാൻ സർക്കാർ തയ്യാറായി.
















































































































