പ്രധാന വാര്‍ത്തകള്‍
ചെന്നൈ സ്വദേശിയായ യുവാവ് ശാസ്താനടയ്ക്കു സമീപം ബൈക്ക് അപകടത്തിൽപെട്ട് മരിച്ചു

കട്ടപ്പന . ചെന്നൈ സ്വദേശിയായ യുവാവ് ശാസ്താനടയ്ക്കു സമീപം ബൈക്ക് അപകടത്തിൽപെട്ട് മരിച്ചു. ചെന്നൈ അശോക് പില്ലർ സ്വദേശി മുസ്താക് അഹമ്മദാണ്(19) മരിച്ചത്. പോരൂരിലെ കോളജിൽ ബിസിഎ വിദ്യാർഥിയായിരുന്നു. 4 ബൈക്കുകളിലായി മുസ്താക് അടക്കം ഏഴുപേരാണ് ഇടുക്കിയിലേക്ക് വിനോദ യാത്രയ്ക്കായി പുറപ്പെട്ടത്. കുമളിയിൽ നിന്ന് ആനവിലാസം വഴി വരുന്നതിനിടെ ശനിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെ മുസ്താക് ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു. അപകടത്തിൽ മുസ്താകിന് ഗുരുതരമായി പരുക്കേറ്റു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസാര പരുക്കുകളോടെ രക്ഷപെട്ടു. മുസ്താകിനെ ഉടൻതന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.