നാടെങ്ങും ക്രിസ്മസ് ആഘോഷം
കട്ടപ്പന : പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി ലോകമെമ്ബാടും ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു.
ക്രിസ്തുവിന്റെ ജന്മദിനത്തിന്റെ സ്മരണയില്‍ ക്രൈസ്തവ ദേവാലയങ്ങളില്‍ വിപുലമായ ആഘോഷങ്ങളാണ് ആഴ്ചകളായി സംഘടിപ്പിച്ചുവരുന്നത്. കോവിഡ് നിയന്ത്രണങ്ങളില്ലാതെ വിശ്വാസികള്‍ കുടുംബസമേതം പങ്കാളികളായി. പള്ളികളില്‍ അര്‍ധരാത്രിയോടെ നടന്ന പാതിരകുര്‍ബാനയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് വിവിധ സംഘടനകളുടെ സഹകരണത്തോടെ സിഎസ്‌ഐ ഗാര്‍ഡനില്‍ ക്രിസ്മസ് ആഘോഷിച്ചു. ഇടുക്കി രൂപത മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനംചെയ്‍തു. ഫെലോഷിപ്പ് ചെയര്‍മാന്‍ റവ. വര്‍ഗീസ് ജേക്കബ് കോര്‍ എപ്പിസ്‌കോപ്പ അധ്യക്ഷനായി. സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. വില്‍ഫിച്ചന്‍ തെക്കേവയലില്‍ കേക്ക് മുറിച്ച് വിതരണംചെയ്‍തു. വെള്ളയാംകുടി സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. തോമസ് മണിയാട്ട് മുഖ്യപ്രഭാഷണം നടത്തി. കരോള്‍ ഗാനമത്സരത്തില്‍ 21 ടീമുകള്‍ പങ്കെടുത്തു. ആസ്വാദകര്‍ക്കായി നറുക്കെടുപ്പുമുണ്ടായി.
സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ക്രിസ്മസ് ശുശ്രൂഷകള്‍ക്ക് ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മാര്‍ സേവേറിയോസ് മുഖ്യകാര്‍മികത്വം വഹിക്കും. ശനി വൈകിട്ട് 5.30ന് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണം, ആറിന് സന്ധ്യാ നമസ്‌കാരം. വികാരി ഫാ. ജോര്‍ജ് വര്‍ഗീസ് സഹകാര്‍മികത്വം വഹിക്കും.
ദീപ്തി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് തത്സമയ പുല്‍ക്കൂടും റാലിയും കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു. ഓസാനം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. മനു കെ മാത്യു ഉദ്ഘാടനം ചെയ്തു. ദീപ്തി സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ മേരി അഗസ്റ്റിന്‍ അധ്യക്ഷയായി. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡെയ്സി, പിടിഎ വൈസ് പ്രസിഡന്റ് നിജേഷ് കെ നായര്‍, സെക്രട്ടറി ആനി എന്നിവര്‍ നേതൃത്വം നല്‍കി.
പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ ക്രിസ്മസ് ആഘോഷിച്ചു. പുളിയന്‍മല വഴി പോകുന്ന ബസുകളിലെ ജീവനക്കാര്‍ക്ക് കേക്കുകളും കലണ്ടറുകളും നല്‍കി. പ്രിന്‍സിപ്പല്‍ റവ. അലക്‌സ് ലൂയിസ്, അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. അനൂപ് തുരുത്തിമറ്റം, കോ-ഓര്‍ഡിനേറ്റര്‍മാരായ ഡോ. സി പ്രകാശ്, ഷാമിലി ജോര്‍ജ്, എബി സക്കറിയ, ശ്വേത സോജന്‍, കോളേജ് ചെയര്‍മാന്‍ അഭിഷേക് വിനോദ് എന്നിവര്‍ നേതൃത്വം നല്‍കി.