സംസ്ഥാനത്ത് ഏപ്രില്‍ 14 മുതല്‍ 17 വരെ മഴ ;ഇടുക്കി ഉൾപ്പെടെ 10 ജില്ലകളിൽ യെല്ലോ അലർട്ട് ,അതീവ ജാഗ്രത നിർദ്ദേശം
മരങ്ങള്‍ കടപുഴകി വീഴാന്‍ സാധ്യതയുള്ളതിനാല്‍ കാറ്റും മഴയും ഉള്ളപ്പോള്‍ മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യരുത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ 14 മുതല്‍ 17 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മണിക്കൂറില്‍ പരമാവധി 40 കിമി വരെ വേഗത്തില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത.
മരങ്ങള്‍ കടപുഴകി വീഴാന്‍ സാധ്യതയുള്ളതിനാല്‍ കാറ്റും മഴയും ഉള്ളപ്പോള്‍ മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യരുത്.
അതേസമയം സംസ്ഥാനത്ത് അപകടകരമാം വിധം ഇടിമിന്നല്‍ സാധ്യത തുടരുന്നതായും പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതല്‍. മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യത. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഇടിമിന്നലേറ്റ് നാല് പേര്‍ മരിച്ച സാഹചര്യത്തില്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് മുന്നറിയിപ്പ്.