വീട് നിർമാണത്തിനു അനുമതിയില്ല; വനംവകുപ്പിനെതിരെ കുടുംബങ്ങൾ.
കട്ടപ്പന : കട്ടപ്പനയിൽ വീട് നിർമാണത്തിന് വനം വകുപ്പ് അനുമതി നിഷേധിച്ചതിനെ തുടർന്ന് കിടപ്പാടം നഷ്ടപ്പെട്ട് പത്തൊൻപത് കുടുംബങ്ങൾ. ലൈഫ് ഭവന പദ്ധതി പ്രകാരം അനുവദിച്ച വീടുകളുടെ നിർമാണമാണ് വനം വകുപ്പ് തടഞ്ഞത്. വീട് വനഭൂമിയിലാണെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.
കാഞ്ചിയാർ പഞ്ചായത്തിലെ മുരിക്കാട്ടുകുടി, കോഴിമല എന്നിവിടങ്ങളിലെ കുടുംബങ്ങളാണ് ലൈഫ് പദ്ധതി സഹായത്തോടെ വീട് നിർമാണം തുടങ്ങിയത്. ആകെയുണ്ടായിരുന്ന ഷെഡ് പൊളിച്ചു നീക്കിയായിരുന്നു അടിത്തറ കെട്ടിത്. നിർമാണം പുരോഗമിക്കുന്നതിനിടയിൽ ഇത് വനഭൂമിയാണെന്നും വീടു നിർമിക്കാൻ അനുമതി നൽകാനാകില്ലെന്നും വ്യക്തമാക്കി വനം വകുപ്പ് പഞ്ചായത്തിന് കത്ത് നൽകുകയായിരുന്നു. ഇതോടെ ഈ കുടുംബങ്ങൾ വഴിയാധാരമായി.കലക്ടർക്കും ലൈഫ് ജില്ലാ കോ-ഓർഡിനേറ്റർക്കുമെല്ലാം പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. സർക്കാർതലത്തിൽ അനുകൂലമായ തീരുമാനം ഉണ്ടായെങ്കിൽ മാത്രമേ അടച്ചുറപ്പുള്ള കിടപ്പാടമെന്ന ഇവരുടെ സ്വപ്‌നം ഇനിയെങ്കിലും യാഥാർഥ്യമാകൂ.