ചൈനയിലെ ഒമിക്രോൺ ബിഎഫ് 7 വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു
ന്യൂഡൽഹി: ചൈനയിൽ പടരുന്ന കൊറോണ വൈറസിന്‍റെ ഒമിക്രോൺ ബിഎഫ് -7 വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു. ഗുജറാത്തിൽ രണ്ട് പേർക്കും ഒഡീഷയിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ദ്രുതഗതിയിലുള്ള വ്യാപനമാണ് ഈ വകഭേദത്തിന്‍റെ പ്രത്യേകത. പനിയും ചുമയുമാണ് പ്രധാന ലക്ഷണങ്ങൾ.
പുതിയ വകഭേദം സ്ഥിരീകരിച്ചതോടെ രാജ്യത്തെ വിമാനത്താവളങ്ങളിൽ പരിശോധന ആരംഭിച്ചു. വിദേശത്ത് നിന്ന് എത്തുന്നവരിൽ, യാത്രക്കാരുടെ സംഘത്തിൽ നിന്ന് ചിലരെ പരിശോധിച്ച് ആർക്കെങ്കിലും കോവിഡ് സ്ഥിരീകരിക്കുകയാണെങ്കിൽ ബാക്കിയുള്ളവരെ കൂടി പരിശോധിക്കുകയും നിരീക്ഷണത്തിലേക്ക് മാറ്റുകയും ചെയ്യുന്ന നടപടിയിലേക്ക് കേന്ദ്രം കടക്കും.
രാജ്യത്ത് കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു. പൊതുസ്ഥലങ്ങളിലും മാസ്ക് ധരിക്കണം. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കോവിഡ് പടരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ യോഗം വിളിച്ചത്. കൊവിഡ് ഇനിയും പൂർണമായും അവസാനിച്ചിട്ടില്ലെന്നും ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
















































































































