മദ്യവില വര്‍ധിച്ചതോടെ കുടിയന്മാരെല്ലാം മാഹിയിലേക്ക്. ഇതോടെ മദ്യപസംഘം മാഹിയിലേക്ക് ഒഴുകുന്നതോടൊപ്പം കേരളത്തിലേക്കുള്ള മാഹിമദ്യത്തിന്റെ കടത്തും കൂടി
മയ്യഴി: മദ്യവില വര്‍ധിച്ചതോടെ കുടിയന്മാരെല്ലാം മാഹിയിലേക്ക്. ഇതോടെ മദ്യപസംഘം മാഹിയിലേക്ക് ഒഴുകുന്നതോടൊപ്പം കേരളത്തിലേക്കുള്ള മാഹിമദ്യത്തിന്റെ കടത്തും കൂടി.മയ്യഴിയുടെ ജില്ലാ അതിര്‍ത്തിയായ ന്യൂമാഹി ടൗണിലും കോഴിക്കോട് ജില്ലാ അതിര്‍ത്തിക്ക് സമീപം അഴിയൂരും എക്സൈസ് ചെക്ക് പോസ്റ്റുകളുണ്ട്.
ഇരുഭാഗത്തും എക്സൈസ് പരിശോധന കര്‍ശനമാക്കിയതിനാല്‍ അര്‍ധരാത്രിയും പുലര്‍ച്ചെയുമുള്ള തീവണ്ടികളെയാണ് മദ്യക്കടത്തുകാര്‍ ആശ്രയിക്കുന്നത്.
ചില ലോക്കല്‍, ലിമിറ്റഡ് സ്റ്റോപ്പ് ബസ് ജീവനക്കാരും മദ്യക്കടത്തുകാരായി മാറുന്നുണ്ട്. ചില സ്വകാര്യ വാഹനങ്ങളില്‍ രഹസ്യ അറകള്‍ നിര്‍മിച്ച് മദ്യം കടത്തുന്നതും പതിവാണ്. മാഹി ഗവ. ആശുപത്രി ജങ്‌ഷന്‍ ബസ് സ്റ്റോപ്പിന് സമീപത്ത് മദ്യക്കടയിലെ ജീവനക്കാര്‍ ബസിലേക്ക് നേരിട്ട് മദ്യം നല്കുന്നത് പതിവ് കാഴ്ചയാണ്. ഇതിനെതിരെ അധികൃതരും നടപടിയെടുക്കുന്നില്ല.
പകല്‍ സമയത്തെ ലോക്കല്‍ തീവണ്ടികളിലാണ് മദ്യപരുടെ മാഹിയിലേക്കുള്ള ഒഴുക്ക്. ഓരോ ലോക്കല്‍ തീവണ്ടിയിലും നൂറിലേറെ പേര്‍ മാഹിയിലെത്തുന്നുണ്ട്. മാഹിയില്‍ തമ്ബടിക്കുന്ന മദ്യപന്മാരുടെ എണ്ണവും കൂടി. നിലവാരം കുറഞ്ഞതും വിലകുറഞ്ഞതുമായ മദ്യം ചില മദ്യഷാപ്പുകളില്‍ ലഭിക്കുന്നുണ്ട്. ഈ വില കുറഞ്ഞ മദ്യത്തെ ലക്ഷ്യമിട്ടാണ് മാഹിയിലേക്കുള്ള മദ്യപസംഘത്തിന്റെ ഒഴുക്ക്.
ഇതോടൊപ്പം കുറ്റവാളികളുടെയും കവര്‍ച്ചക്കാരുടെയുമൊക്കെ സംഘങ്ങളും മാഹിയില്‍ കേന്ദ്രീകരിക്കുന്നുണ്ട്.
ഈയടുത്താണ് മാഹി മേഖലയിലെ ഇലക്‌ട്രോണിക്സ് കടകളില്‍ മൊബൈല്‍ ഫോണ്‍ മോഷണവും ക്ഷേത്രഭണ്ഡാര കവര്‍ച്ചയും മറ്റും നടന്നത്. അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള മദ്യപരായ ചില തൊഴിലാളികള്‍ തമ്മിലുള്ള വഴക്കും തമ്മില്‍തല്ലും പതിവ് കാഴ്ചകളാവുന്നു.
മദ്യലഹരിയില്‍ വാഹനങ്ങള്‍ക്ക് മുന്നില്‍ അപകടത്തില്‍പ്പെടുന്നതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ മാഹി പോലീസിന് തലവേദനയും ബാധ്യതയാവുകയാണ്.
ബോധമില്ലാതെ വീണുകിടക്കുന്നവരെ ആംബുലന്‍സില്‍ ആസ്പത്രിയിലെത്തിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന സംവിധാനങ്ങളൊന്നും ഇപ്പോഴില്ല.