മാലാഖയുടെ മനസുള്ള ബസ് ജീവനക്കാർ; പെൺകുട്ടിയുടെ ജീവൻ രക്ഷിച്ച് ഡ്രൈവറും കണ്ടക്ടറും
കട്ടപ്പന:മാലാഖയുടെ മനസുമായി ഒരു ഡ്രൈവറും കണ്ടക്‌ടറും. അടിമാലി-കട്ടപ്പന റൂട്ടില്‍ ഓടുന്ന ഏയ്‌ഞ്ചല്‍ മോട്ടേഴ്‌സ് ബസിലെ ജീവനക്കാര്‍ക്ക് അവരുടെ ബസിലെ യാത്രക്കാര്‍ പൊന്നുപോലെയാണ്.
കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെ ചെറുതോണിയില്‍ നിന്ന് വരുമ്പോള്‍ ബസിലുണ്ടായിരുന്ന ചേറ്റുകുഴി സ്വദേശിനി അശ്വതി എന്ന പെണ്‍കുട്ടി കുഴഞ്ഞുവീണു. ഡ്രൈവര്‍ ബസ് നിര്‍ത്തുകയും കണ്ടക്‌ടര്‍ വെള്ളം നല്‍കുകയും ചെയ്‌തെങ്കിലും കുട്ടിക്ക് അനക്കമുണ്ടായില്ല. തുടര്‍ന്ന് ബസ് അതിവേഗം വാകപ്പടിയിലുള്ള ഹെല്‍ത്ത് സെന്ററിലേക്ക് കുതിച്ചു. ഡോക്‌ടറെത്തി കുട്ടിയെ പരിശോധിപ്പിക്കുകയും രക്‌തസമ്മര്‍ദം കുറഞ്ഞതായും ഉടന്‍തന്നെ മറ്റേതെങ്കിലും വലിയ ആശുപത്രിയിലെത്തിക്കാനും നിര്‍ദേശിച്ചു.ഈ സമയം ഇതുവഴി വന്ന ബൊലേറോ കൈകാട്ടി നിര്‍ത്തി കണ്ടക്‌ടറും മറ്റ് രണ്ടു യാത്രക്കാരും ചേര്‍ന്ന് പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റി കട്ടപ്പനയിലെ സഹകരണ ആശുപത്രിയിലേക്ക് പാഞ്ഞു.നിമിഷ നേരംകൊണ്ട് ആശുപത്രിയിലെത്തി അടിയന്തരമായി കുട്ടിക്ക് ചികിത്സ ലഭ്യമാക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്‌തു. ഈ സമയം ഡ്രൈവര്‍ സിജു യാത്രക്കാര്‍ക്ക് ഇറങ്ങേണ്ടിടത്തു മാത്രം ബസ് നിര്‍ത്തി ആശുപത്രിയിലേക്ക് പായുകയായിരുന്നു. തുടര്‍ന്ന് ശ്രീകാന്തും സിജുവും ചേര്‍ന്ന് ആശുപത്രില്‍ ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുകയും കുട്ടിയുടെ വീട്ടുകാരെ വിവരമറിയിക്കുകയും ചെയ്‌തു. തുടര്‍ന്ന് വീട്ടുകാര്‍ എത്തുന്നതുവരെ കാത്തുനിന്ന ശേഷമാണ് ഇരുവരും മടങ്ങിയത്.
നന്മവറ്റാത്ത മനസുകളുടെ ഇടപെടല്‍ മൂലം രക്ഷിക്കാനായത് ഒരു ജീവനാണ്. ബസില്‍ സ്‌ഥിരമായി യാത്ര ചെയ്യുന്നവര്‍ക്ക് ഇതൊരു പുതിയ അനുഭവമല്ല. ഏയ്‌ഞ്ചല്‍ ബസിലെ ജീവനക്കാരുടെ കരുതലും സ്‌നേഹവും ഏറ്റുവാങ്ങാത്ത യാത്രക്കാരുമില്ല. ബസിന്റെ പേരുപോലെ തന്നെ ജീവനക്കാരും മാലാഖയുടെ മനസുമായി ജോലി തുടരുകയാണ്.