സാക്ഷാല്‍ ഡീഗോ മറഡോണ കാലുകുത്തിയ കേരളത്തിന്റെ മണ്ണില്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയും കാലു കുത്തിയാല്‍ ഇനി അത്ഭുതപ്പെടേണ്ടതില്ല

സാക്ഷാല്‍ ഡീഗോ മറഡോണ കാലുകുത്തിയ കേരളത്തിന്റെ മണ്ണില്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയും കാലു കുത്തിയാല്‍ ഇനി അത്ഭുതപ്പെടേണ്ടതില്ലഇതിനായുള്ള ശ്രമം പ്രമുഖനായ പ്രവാസി വ്യവസായിയുടെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്.അര്‍ജന്റീനന്‍ ഫുട്ബോള്‍ അസോസിയേഷന്‍ ഭാരവാഹികളുമായും മെസിയുടെ മാനേജരുമായും ഇതു സംബന്ധമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായാണ് സൂചന. അര്‍ജന്റീനിയന്‍ ടീമിനും ലയണല്‍ മെസിക്കും ഏറ്റവും അധികം ആരാധകര്‍ ഉള്ള സംസ്ഥാനമാണ് കേരളം എന്നതിനാല്‍, ഇവരെല്ലാം അനുകൂലമായി പ്രതികരിച്ചതായാണ് സൂചന. മെസി കൂടി അനുകൂലമായി പ്രതികരിക്കുന്നതോടെ, ആ സന്ദര്‍ശനം യാഥാര്‍ത്ഥ്യമാകും.മെസിയുടെ തിരക്കുകള്‍ ആണ് പ്രധാനമായും സന്ദര്‍ശനത്തിന് തടസ്സമാകുന്നത്.ക്ലബ് ഫുട്ബോള്‍ മത്സരം ഉള്‍പ്പെടെ നിരവധി മത്സരമാണ് മെസിക്ക് മുന്‍പില്‍ ഇനിയുള്ളത്. അടുത്തതായി നടക്കാനിരിക്കുന്ന കോപ്പ അമേരിക്കന്‍ മത്സരത്തിലും അര്‍ജന്റീനയെ നയിക്കുക മെസിയായിരിക്കും. ലോകകപ്പ് മത്സരത്തോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിക്കുമെന്ന അഭ്യൂഹം മെസി തന്നെ തള്ളിയതോടെ ആരാധകരും ആവേശത്തിലാണ് ഉള്ളത്.ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് മെസി. ഇതില്‍ കേരളത്തിലെ ആരാധകര്‍ തങ്ങള്‍ക്ക് തികച്ചും സ്പെഷ്യല്‍ ആണെന്നാണ് മെസിയുടെ മാനേജരും വ്യക്തമാക്കിയിരിക്കുന്നത്. ആകാശത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ കട്ടൗട്ടുകള്‍ മുതല്‍ കടലിന്റെ ആഴങ്ങളില്‍ സ്ഥാപിച്ചതുവരെ മലയാളിയുടെ മെസി ആരാധനക്ക് ഉദാഹരണങ്ങളാണ്. ഇതെല്ലാം തന്നെ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായ സംഭവങ്ങളാണ്.
സാധാരണ ജനങ്ങള്‍ മുതല്‍ മന്ത്രിമാര്‍, സിനിമാ സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ മെസിയെയും അര്‍ജന്റീനയെയും നെഞ്ചേറ്റുന്ന ജനതയാണ് കേരളത്തില്‍ ഉള്ളത്. ഇതില്‍ കുട്ടികളുടെയും സ്ത്രീകളുടെയും ആവേശവും എടുത്തു പറയേണ്ടതു തന്നെയാണ്. ഒരു ടീമെന്ന നിലയില്‍ അര്‍ജന്റീനയെ എതിര്‍ക്കുന്ന മറ്റു ടീമുകളുടെ ആരാധകര്‍ പോലും ഏറെ ആഗ്രഹിച്ചതും മെസി ഇത്തവണ കപ്പടിക്കണമെന്നതായിരുന്നു. ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിനും ഏറെ ആരാധകരുള്ള കേരളത്തില്‍ നെയ്മര്‍ മെസിയെ പരസ്യമായി അഭിനന്ദിച്ച് രംഗത്ത് വന്നതിനും വലിയ വാര്‍ത്താ പ്രാധാന്യമാണ് ലഭിച്ചിട്ടുള്ളത്. മെസിയുടെ പത്താം നമ്ബര്‍ ജഴ്സിക്കും ഈ മണ്ണില്‍ ഏറെ ഡിമാന്റാണുള്ളത്.മെസിയുടെ കേരള സന്ദര്‍ശനമെന്നത് ഒരു ജനതയുടെ ആഗ്രഹമാണ്. അത് സഫലമായാല്‍ കൊച്ചി ജവഹര്‍ലാല്‍ നെഹറു സ്റ്റേഡിയത്തിലോ അതല്ലങ്കില്‍ മലബാറിലോ വേദി ഉയരും. മുന്‍പ് ഡീഗോ മറഡോണ കണ്ണൂരില്‍ കാലു കുത്തിയപ്പോള്‍ പതിനായിരങ്ങളാണ് അദ്ദേഹത്തെ കാണാന്‍ തടിച്ചു കൂടിയിരുന്നത്. ലയണല്‍ മെസി എത്തിയാല്‍ ലക്ഷക്കണക്കിന് പേരാണ് സ്വീകരണ വേദിയിലേക്ക് ഇരമ്ബിയെത്തുക. അത്രമാത്രം മലയാളി മനസ്സുകളെ ഈ താരം ത്രസിപ്പിച്ചിട്ടുണ്ട്. മെസി കേരളത്തില്‍ എത്തുകയാണെങ്കില്‍ അത് സംസ്ഥാന സര്‍ക്കാര്‍ അഥിതിയായി തന്നെ എത്താനാണ് സാധ്യത. കേന്ദ്ര സര്‍ക്കാറും ഇത്തരമൊരു സന്ദര്‍ശനത്തെ പിന്തുണയ്ക്കുമെന്നാണ് സൂചന. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും ഏറ്റവും അധികം ജനപിന്തുണയുള്ള അന്താരാഷ്ട്ര താരമാണ് ലയണല്‍ മെസി.സ്വന്തം രാജ്യത്തിനായി ഒരു കിരീടം നേടാന്‍ പ്രാപ്തിയില്ലെന്ന് കുറ്റപ്പെടുത്തിയവര്‍ക്ക് മുന്നില്‍ ഒന്നര വര്‍ഷക്കാലയളവിനുള്ളില്‍ വന്‍കരയുടെ കോപ്പ കിരീടവും ഫൈനലിസിമ ജേതാക്കള്‍ക്കുള്ള കപ്പും നേടി മറുപടി നല്‍കിയ മെസി ഒടുവില്‍ ലോക ഫുട്ബോളിലെ രാജാക്കന്‍മാര്‍ക്ക് മാത്രം അവകാശപ്പെട്ട ലോകകപ്പും തന്റെ കരിയറിന്റെ അവസാന ലാപ്പില്‍ സ്വന്തമാക്കിയിരിക്കുകയാണ്. മെസി ലോകകപ്പില്‍ ചുംബിക്കുന്ന ആ നിമിഷം മെസ്സിയേക്കാള്‍ കൂടുതല്‍ ആഗ്രഹിച്ചത് ലോകം മുഴുവനുള്ള അദ്ദേഹത്തിന്റെ ആരാധകരാണ്. അതു തന്നെയാണ് യാഥാര്‍ത്ഥ്യവും.