ജനുവരി മുതൽ കെഎസ്ആര്‍ടിസി വീണ്ടും കാക്കി യൂണിഫോമിലേക്ക്
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർ വീണ്ടും കാക്കി യൂണിഫോമിലേക്ക്. ജനുവരി മുതൽ മാറ്റങ്ങൾ വരുത്താനാണ് മാനേജ്മെന്‍റ് ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയനുകളുമായി സിഎംഡി ചർച്ച നടത്തി.
യൂണിയൻ ഭേദമന്യേ കെ.എസ്.ആർ.ടി.സി ജീവനക്കാർ ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യമാണ് മാനേജ്മെന്‍റ് അംഗീകരിച്ചത്. എട്ട് വർഷത്തിന് ശേഷമാണ് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ യൂണിഫോം വീണ്ടും കാക്കിയാക്കുന്നത്. ഡ്രൈവർ, കണ്ടക്ടർ, ഇൻസ്പെക്ടർ എന്നിവർക്ക് കാക്കി. സീനിയോറിറ്റി അറിയാൻ പ്രത്യേക ബാഡ്ജുകളും ചിഹ്നങ്ങളും ഉൾപ്പെടുത്തും. മെക്കാനിക്കൽ ജീവനക്കാർക്ക് നീല യൂണിഫോം.യൂണിഫോമിനുള്ള ബൾക്ക് ഓർഡർ ഉടൻ തന്നെ നൽകും.
മൂന്ന് പതിറ്റാണ്ടോളം ഉപയോഗത്തിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സിയുടെ കാക്കി യൂണിഫോം 2015ലാണ് മാറ്റിയത്. കെ.എസ്.ആർ.ടി.സി.യിൽ പുതുമയും പ്രൊഫഷണൽ മുഖവും കൊണ്ടുവരാനായിരുന്നു മാറ്റം. കണ്ടക്ടർമാരുടെയും ഡ്രൈവർമാരുടെയും യൂണിഫോം നീല ഷർട്ടും കടുംനീല പാന്‍റ്സും ആക്കി. മെക്കാനിക്കൽ ജീവനക്കാരുടേത് ചാരനിറവും, ഇൻസ്പെക്ടർമാർക്ക് മങ്ങിയ വെള്ള ഷർട്ടും കറുത്ത പാന്‍റും ആക്കിയിരുന്നു.









































































