വരവിൽ കവിഞ്ഞ സമ്പാദ്യം; മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി.ഒ. സൂരജിന്റെ 1.62 കോടി സ്വത്ത് ഇഡി കണ്ടുകെട്ടി

തിരുവനന്തപുരം: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ ടി.ഒ. സൂരജിന്റെ 1.62 കോടി വരുന്ന ആസ്തികൾ കൂടി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണ നിരോധന നിയമപ്രകാരം സൂരജിന്‍റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമി, ബാങ്ക് അക്കൗണ്ടിലെ തുക, സ്ഥിരനിക്ഷേപം, ഓഹരിനിക്ഷേപം എന്നിവയാണ് കണ്ടുകെട്ടിയത്.സൂരജിന്‍റെ സ്വത്തുവകകൾ നേരത്തെയും ഇ.ഡി കണ്ടുകെട്ടിയിരുന്നു. ഇപ്പോഴത്തേതു കൂടി കൂട്ടിയാൽ കണ്ടുകെട്ടിയ ആസ്തി 10.43 കോടി രൂപയാണ്. കേരളത്തിൽ വിജിലൻസ്-അഴിമതി നിരോധന വിഭാഗം ഫയൽചെയ്ത കുറ്റപത്രത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇ.ഡി കള്ളപ്പണ കേസ് രജിസ്റ്റർ ചെയ്തത്.സ്വന്തം പേരിലും ഭാര്യയുടെയും മക്കളുടെയും പേരിലും നിരവധി സ്ഥലത്ത് ഭൂമിയും മറ്റ് ആസ്തികളും സൂരജ് വാങ്ങിക്കൂട്ടിയതായി അന്വേഷണത്തിൽ തെളിഞ്ഞതായി ഇ.ഡി അധികൃതർ വിശദീകരിച്ചു. സഹായിയെ ബിനാമിയാക്കി വാഹനവും വാങ്ങി.11 കോടി രൂപയുടെ അനധികൃത സ്വത്തു സമ്പാദനം നടത്തിയതായാണ് വിജിലൻസ് കണ്ടെത്തിയത്.