ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കാട്ടുപക്ഷി തിരിച്ചെത്തി; വയസ്സ് 71

മിഡ്‌വേ അറ്റോൾ: ലോകത്ത് കണ്ടെത്തിയതിൽ വച്ച് ഏറ്റവും പ്രായം കൂടിയ കാട്ടുപക്ഷി എന്നറിയപ്പെടുന്ന ‘വിസ്‌ഡം’ അമേരിക്കയിലെ മിഡ്‌വേ അറ്റോൾ നാഷണൽ വൈൽഡ് ലൈഫ് റെഫ്യൂജിലേക്ക് തിരിച്ചെത്തിയതായി അധികൃതർ അറിയിച്ചു. യുഎസ് ഫിഷ് ആൻഡ് വൈൽഡ് ലൈഫ് സർവീസ് വ്യാഴാഴ്ചയാണ് വിവരം പുറത്തുവിട്ടത്. ലൈസൻ ആൽബട്രോസ് ഇനത്തിൽപ്പെട്ട ഈ പക്ഷിക്ക് കുറഞ്ഞത് 71 വയസ്സെങ്കിലും പ്രായമുണ്ടെന്ന് വന്യജീവി അധികൃതർ ട്വിറ്ററിൽ കുറിച്ചു.
1956-ൽ മുട്ടയിട്ടതിന് ശേഷമാണ് ജീവശാസ്ത്രജ്ഞർ പക്ഷിയെ ആദ്യമായി തിരിച്ചറിഞ്ഞതെന്ന് വന്യജീവി അധികൃതർ ട്വിറ്ററിൽ കുറിച്ചു. ഇക്കാലയളവിൽ ഈ പക്ഷി 50 മുതൽ 60 വരെ മുട്ടകൾ ഉത്പാദിപ്പിക്കുകയും ഏകദേശം 30 കുഞ്ഞുങ്ങളെ വളർത്തുകയും ചെയ്തിട്ടുണ്ട്. വന്യജീവി അധികൃതരുടെ നിഗമനം വിസ്‌ഡം ഇപ്പോൾ ഒരു മുത്തശ്ശി കൂടിയാണെന്നാണ്.
എന്നാൽ വിസ്ഡത്തിന്‍റെ ദീർഘകാല ഇണയായ അകേകാമൈയെ ഈ വർഷം വന്യജീവി സങ്കേതത്തിൽ കണ്ടിട്ടില്ലെന്ന് യുഎസ്എഫ്‌ഡബ്ല്യുഎസ് പറഞ്ഞു. 2021 ന്‍റെ തുടക്കത്തിലാണ് ഈ ദമ്പതികളുടെ ഏറ്റവും പുതിയ കുഞ്ഞ് ജനിച്ചത്. ഈ പക്ഷികൾ വർഷത്തിൽ ഒരു മുട്ട മാത്രമേ ഇടൂ. ജീവിതകാലം മുഴുവൻ ഒരു ഇണയെ മാത്രം ആശ്രയിക്കുന്ന പക്ഷികളാണിവ. എന്നാൽ വിസ്ഡത്തിന്റെ ദീർഘായുസ്സ് കണക്കിലെടുക്കുമ്പോൾ അത് ഒന്നിലധികം ഇണകളെ ആശ്രയിച്ചിരിക്കാമെന്നാണ് ശാസ്ത്രജ്ഞന്മാരുടെ അനുമാനം.