ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് പ്രായപരിധി പുനർനിശ്ചയിക്കണമെന്ന് നിർദ്ദേശം
ഡൽഹി: പോക്സോ നിയമപ്രകാരം പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി പരിഷ്കരിക്കണമെന്ന ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്‍റെ നിർദേശം ചർച്ചയാകുന്നു. വിഷയം പാർലമെന്‍റ് ചർച്ച ചെയ്യണമെന്ന ചീഫ് ജസ്റ്റിസിന്‍റെ നിർദ്ദേശം നിയമം ഭേദഗതി ചെയ്യാൻ സർക്കാരിനെ പ്രേരിപ്പിച്ചേക്കാം.
പരസ്പര സമ്മതത്തോടെയുള്ള ശാരീരിക സമ്പർക്ക കേസുകൾ ജഡ്ജിമാർക്ക് മുന്നിൽ വരുമ്പോൾ നിലവിലെ നിയമം പലപ്പോഴും ആശയക്കുഴപ്പത്തിലേക്ക് നയിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. 18 വയസിന് താഴെയുള്ളവർ നൽകുന്ന സമ്മതം നിയമത്തിന് മുന്നിൽ നിലനിൽക്കുന്നില്ലെന്ന വസ്തുത ഉചിതമായ നടപടി സ്വീകരിക്കുന്നതിൽ നിന്ന് അവരെ തടയുന്നു. അതിനാൽ, ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിൽ ഈ പ്രായപരിധി കുറയ്ക്കുന്നത് പുനഃപരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു.
പ്രായപരിധി 2013 ൽ 16 ൽ നിന്ന് 18 വയസ്സായി ഉയർത്തിയിരുന്നു. പോക്സോ നടപ്പാക്കുമ്പോൾ ചില സമുദായങ്ങളുടെ വ്യക്തിനിയമങ്ങളും ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ടെന്ന് കേസുകൾ കൈകാര്യം ചെയ്യുന്ന ജഡ്ജിമാർ പറയുന്നു. ഉചിതമായ തീരുമാനമെടുക്കാൻ മദ്രാസ് ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസിന്‍റെ പരാമർശം. പാർലമെന്‍റ് സമ്മേളനം നടക്കുമ്പോൾ ഈ നിർദ്ദേശം നിയമഭേദഗതി വേണമെന്ന ആവശ്യത്തിലേക്ക് നയിക്കാൻ സാധ്യതയുണ്ട്.