രാജകുമാരി പഞ്ചായത്തില്‍അഗ്രിന്യൂട്രി ഗാര്‍ഡന്‍ പദ്ധതിക്ക് തുടക്കമായി
ഓരോ ഭവനങ്ങളിലും കാര്‍ഷിക പോഷക ഉദ്യാനങ്ങള്‍ സജ്ജീകരിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ നടപ്പിലാക്കുന്ന അഗ്രിന്യൂട്രി ഗാര്‍ഡന്‍ പദ്ധതിയുടെ ഭാഗമായി രാജകുമാരി ഗ്രാമപഞ്ചായത്തില്‍ ഒരേക്കര്‍ സ്ഥലത്ത് വിത്തിറക്കി. പഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പരിധിയിലെ 13-ാം വാര്‍ഡില്‍ ഉള്‍പ്പെട്ട നടുമറ്റത്താണ് 50 പേരടങ്ങുന്ന സംഘം ജൈവകൃഷിക്ക് തുടക്കം കുറിച്ചത്. ചീര, ബീന്‍സ്, പയര്‍, തക്കാളി, വഴുതന എന്നിങ്ങനെ അഞ്ചിനം പച്ചക്കറി വിത്തുകളും രണ്ടിനം പഴവര്‍ഗങ്ങളുടെ കൃഷിയുമാണ് ആരംഭിച്ചത്.
പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് പ്രാദേശിക കാര്‍ഷിക കാലാവസ്ഥയ്ക്ക് അനുയോജ്യമായ പച്ചക്കറികളും പഴവര്‍ഗങ്ങളും വീടുകളില്‍ നട്ടുവളര്‍ത്തുക, ഓരോ വീട്ടിലും പോഷക സമൃദ്ധമായ ഭക്ഷണം ഉറപ്പുവരുത്തുക, ഇതുവഴി അധിക വരുമാനം ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിലെ ഗ്രാമീണ വാര്‍ഡുകളില്‍ നിന്നും കുറഞ്ഞത് മൂന്ന് സെന്റില്‍ പോഷക തോട്ടങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കുന്ന 50 കുടുംബങ്ങളുടെ ക്ലസ്റ്റര്‍ രൂപീകരിക്കുകയും ഇവര്‍ക്ക് വേണ്ട അഞ്ചുതരം പച്ചക്കറികളുടെ വിത്തുകളും പരിശീലനവും നല്‍കുകയും ചെയ്യും. ഇതുകൂടാതെ രണ്ടു തരം പ്രാദേശിക പഴവര്‍ഗ ചെടികള്‍ അംഗങ്ങള്‍ സ്വന്തമായി പോഷകത്തോട്ടത്തില്‍ നട്ടുപിടിപ്പിക്കുകയും വേണം.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ജെ. സിജു, സി. ഡി. എസ്. അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.