ഇരട്ടവോട്ട് തടയാൻ അതിർത്തിയിൽ കേന്ദ്രസേന
ഇടുക്കി: ഇരട്ട വോട്ട് തടയാൻ അതിർത്തിയിൽ കേന്ദ്രസേനയുടെ പരിശോധന. അതിർത്തി കടന്നെത്തുന്നവർ യാത്രാലക്ഷ്യം കൃത്യമായി ബോധ്യപ്പെടുത്തിയാൽ മാത്രമെ അതിർത്തി കടത്തി കേരളത്തിലേക്ക് വിടുകയുള്ളു. യാത്രക്കാരുടെ ദൃശ്യങ്ങൾ പരിശോധിക്കാൻ സി.സി ടി.വി സംവിധാനങ്ങളും അതിർത്തിയിൽ ഒരുക്കി. വനാതിർത്തിയിലെ സമാന്തര പാതകൾ നിരീക്ഷിക്കാൻ ജില്ലാ പോലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്ന് അതിർത്തി കടന്നെത്തിയുള്ള ഇരട്ട വോട്ട് തടയുന്നതിനാണ് നടപടി. കുമളി, ബോഡിമെട്ട്, കമ്പംമെട്ട്, ചിന്നാർ ചെക്ക് പോസ്റ്റുകളിലാണ് കേന്ദ്ര സേനയെ വിന്യസിച്ചത്. അതിർത്തി കടന്നെത്തുന്നവരുടെ വാഹനങ്ങളും യാത്രാരേഖകളും പരിശോധിക്കും.
കേന്ദ സേനയോടൊപ്പം ജില്ല പോലീസിനെയും ചെക്ക് പോസ്റ്റുകളിൽ വിന്യസിച്ചു. പീരുമേട്, ദേവികുളം, ഉടുമ്പൻചോല മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാർഥികൾ ഇരട്ടവോട്ട് ചൂണ്ടിക്കാട്ടി ഹൈക്കോടതിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നടപടി.