ഗൂഗിൾ പേയിൽ ബിൽ പേയ്‌മെന്റുകൾക്ക് ഇനി അധിക ചാർജ്


ഗൂഗിൾ പേയിൽ പുതിയ മാറ്റങ്ങൾ വരുന്നു. ബിൽ പേയ്‌മെന്റുകൾക്ക് ഇനി മുതൽ കൺവീനിയൻസ് ഫീ ഈടാക്കും. വൈദ്യുതി ബിൽ, ഗ്യാസ് ബിൽ തുടങ്ങി എല്ലാ പേയ്‌മെന്റുകൾക്കും ഇനി മുതൽ അധിക ചാർജ് ഈടാക്കും. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി പണം അടയ്ക്കുന്ന ഉപയോക്താക്കൾക്കാണ് ഈ നിരക്കുകൾ ബാധകമായി വരുന്നത്. എത്ര രൂപയാണോ ഇടപാട് നടത്തുന്നത് അതിന്റെ 0.5ശതമാനം മുതൽ ഒരു ശതമാനം വരെ ഫീസും ജിഎസ്ടിയുമാണ് ഈടാക്കുക.
ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് പേയ്‌മെന്റുകൾ പ്രോസസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചെലവുകൾ വഹിക്കുന്നതിനുള്ള ഒരു മാർഗമാണ് കൺവീനിയൻസ് ഫീസെന്നാണ് ഗൂഗിൾ പേ നൽകുന്ന വിശദീകരണം. കൺവീനിയൻസ് ഫീസ് എത്രയെന്ന് പേയ്മെന്റിന്റെ സമയത്ത് വ്യക്തമാക്കുമെന്നും ഗൂഗിൾ പേ അറിയിച്ചു. എന്നാൽ യുപിഐയിൽ ലിങ്ക് ചെയ്ത് ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ടുള്ള ഇടപാടിന് ഫീസൊന്നും നൽകേണ്ടതില്ല.
ഗൂഗിൾ പേ പ്രത്യേക ചാർജുകൾ ഈടാക്കുമെന്നുള്ള കാര്യം അറിയിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം മൊബൈൽ റീചാർജുകൾക്ക് മൂന്ന് രൂപ കൺവീനിയൻസ് ഫീസ് ഈടാക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. ആമസോൺ പേ, ഫോൺ പേ തുടങ്ങിയ മൊബൈൽ പേയ്‌മെന്റ് ആപ്പുകൾ നേരത്തെ തന്നെ സമാനമായി ചാർജുകൾ ഏർപ്പെടുത്തിയിരുന്നു.