മുഖ്യമന്ത്രിക്ക് നിവേദനം നൽകി

റബറിന് 250 രൂപ താങ്ങുവില പ്രഖ്യാപിക്കണമെന്നും, ഇടുക്കി ജില്ലയിലെ ഭൂവിഷയം പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മറ്റു കാര്‍ഷിക പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (എം) പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളായ മന്ത്രി റോഷി അഗസ്റ്റിന്‍, ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, തോമസ് ചാഴിക്കാടന്‍ എം.പി, ജോബ് മൈക്കിള്‍ എം.എല്‍.എ, പ്രമോദ് നാരായണ്‍ എം.എല്‍.എ, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, സ്റ്റീഫന്‍ ജോര്‍ജ് എന്നിവര്‍ക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനെ ക്ലിഫ് ഹൗസിലെത്തി നേരില്‍ കണ്ട് വിശദമായ നിവേദനം നല്‍കി.
1964ലെയും 1993 ലെയും ഭൂമി പതിവ് ചട്ടം മുന്‍കാല പ്രാബല്യത്തോടെ ഭേദഗതി ചെയ്യണം എന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. പട്ടയഭൂമിയില്‍ വാണിജ്യ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം പൂര്‍ണ്ണമായും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണം. 1964 ലെയും 1993 ലെയും ഭൂപതിവു ചട്ടപ്രകാരം പതിച്ചു നല്‍കിയ ഭൂമിയില്‍ നിര്‍മാണ നിയന്ത്രണം ഉണ്ടായിരുന്നില്ല. ഹൈക്കോടതിയുടെ 2010 ലെയും 2016 ലെയും ഇടക്കാല ഉത്തരവ് പിന്‍പറ്റിയാണ് 2019 വരെ യാതൊരു തരത്തിലുള്ള വിലക്കുകളും ഇല്ലാതിരുന്നിടത്ത് പുതിയ നിബന്ധനകള്‍ കൊണ്ടുവന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അടിയന്തിര ഇടപെടല്‍ വേണമെന്നും നിയമനിര്‍മാണം നടത്തണമെന്നും ആവശ്യപ്പെട്ടു
റബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് അടിയന്തര ഇടപെടല്‍ വേണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സ്വാഭാവിക റബര്‍ കിലോയ്ക്ക് മിനിമം 250 രൂപയെങ്കിലും വില ഉറപ്പാക്കിയില്ലെങ്കില്‍ കര്‍ഷകര്‍ റബര്‍ കൃഷിതന്നെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകും. ഇത് ഭാവിയില്‍ രാജ്യത്തിന്റ സമ്പദ്ഘടനയെ തന്നെ ബാധിക്കും. കേരളത്തിലെ 12 ലക്ഷത്തോളം ചെറുകിട നാമമാത്ര കർഷകരെ വിലയിടിവ് ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ 1947ലെ റബ്ബര്‍ ആക്ട് പിന്‍വലിച്ച് റബ്ബറിനെ വ്യാവസായിക ഉല്‍പ്പന്നമായി നിര്‍വചിച്ച് പുതിയ റബര്‍ പ്രൊമോഷന്‍ & ഡെവലെപ്‌മെന്റ് ബില്‍ കൊണ്ടുവരികയാണ്. അത് തിരുത്തി കാര്‍ഷിക ഉല്‍പ്പന്നമായി പ്രഖ്യാപിച്ച് നിയമം പാസാക്കണം. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണമെന്നും ആവശ്യപ്പെട്ടു.
ഏലം, കുരുമുളക് എന്നീ നാണ്യവിളകളുടെ ഉത്പാദന ചെലവിന് ആനുപാതികമായി തറവില നിശ്ചയിക്കുകയാണെങ്കില്‍ ഈ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്കും ഒരുപരിധി വരെ പരിഹാരം കാണാന്‍ കഴിയും. പച്ചത്തേങ്ങയുടെ സംഭരണ വില 50 രൂപയാക്കിയാല്‍ നാളികേര കര്‍ഷകരും പ്രതിസന്ധിയില്‍ നിന്ന് കരകയറും. നെല്ല് സംഭരണത്തിന്റെ ഹാന്‍ഡലിംഗ് ചാര്‍ജായി നിലവിലെ തുക 12 രൂപയില്‍ നിന്ന് കാലാനുസൃതമായി വര്‍ദ്ധിപ്പിക്കണം. അല്ലെങ്കില്‍ സര്‍ക്കാര്‍ നേരിട്ട് പാടശേഖരങ്ങളില്‍ നിന്ന് നെല്ല് സംഭരിക്കുന്നത് പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. ബഫര്‍സോണ്‍ സാറ്റലൈറ്റ് സര്‍വ്വേ റിപ്പോര്‍ട്ട് അതുമായി ബന്ധപ്പെട്ടവര്‍ക്ക് പഠിക്കാനുള്ള അവസരം ലഭിക്കുന്നതിനായി സര്‍വ്വേ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിനും ബഫര്‍സോണുകളില്‍പ്പെട്ട വില്ലേജുകളില്‍ പൊതുജനങ്ങള്‍ക്ക് പരിശോധിക്കുന്നതിനായി ലഭ്യമാക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് എം മുന്നോട്ടു വച്ച വിഷയങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി.