വൈദികനെതിരെ മോശം പെരുമാറ്റം നടത്തിയ ഉപ്പുതറ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ടോമി കുന്നുംപുറത്തിനെ സ്ഥലം മാറ്റി

ഇടുക്കി: വാഹനം ഇടിച്ചതിനെ തുടർന്നുണ്ടായ തർക്കം പരിഹരിക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയ വൈദികനോട് അപമര്യാദയായി പെരുമാറിയ ഗ്രേഡ് എസ്.ഐയ്ക്കെതിരെ അച്ചടക്ക നടപടി. ഉപ്പുതറ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ടോമി കുന്നുംപുറത്തിനെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി ട്രാൻസ്ഫർ ചെയ്‌തിരിക്കുന്നത്.
മുല്ലപ്പെരിയാറിലേക്കാണ് ട്രാൻസ്ഫർ. ഇയാൾക്കെതിരെ സമാനമായി നിരവധി പരാതികൾ ഉയർന്നിരുന്നു. വൈദികനെ അപമാനിച്ച സംഭവം വിവാദമായതോടെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തുകയും ഉദ്യോഗസ്ഥന്‍റെ ഭാഗത്ത് വീഴ്ച്ച സംഭവിച്ചതായി കണ്ടെക്കുകയുമായിരുന്നു.
കഴിഞ്ഞ 31നായിരുന്നു സംഭവം. വാഹനം ഇടിച്ചതുമായി ബന്ധപ്പെട്ട തർക്കം ഒത്തു തീർക്കാൻ സ്റ്റേഷനിലെത്തിയ വൈദികരോടും മാധ്യമ പ്രവർത്തകരോടും ഇയാൾ വിരൽ ചൂണ്ടി ആക്രോശം നടത്തുകയായിരുന്നു. അസഭ്യം പറഞ്ഞ് മർദിക്കാൻ പാഞ്ഞടുത്ത ഇയാളെ മറ്റു പൊലീസുകാർ സ്ഥലത്തു നിന്നും മാറ്റി നിർത്തുകയായിരുന്നു.