ഓസോണ്‍ പാളിയിലെ വിള്ളല്‍ ചുരുങ്ങുന്നതായി പഠനം
ഓസോൺ പാളിയിലെ വിള്ളലുകൾ ചുരുങ്ങുന്നതായി പഠനം. ദക്ഷിണധ്രുവത്തിലാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. ഈ വർഷം സെപ്റ്റംബർ 7 നും ഒക്ടോബർ 13 നും ഇടയിൽ ഈ മേഖലയിലെ ഓസോൺ പാളിയിലെ വിള്ളൽ 23.2 ദശലക്ഷം ചതുരശ്ര കിലോമീറ്ററെന്ന നിലയിലെത്തി. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത് കുറവാണ്. 2021 ൽ ഇത് 24.8 ദശലക്ഷം ചതുരശ്ര കിലോമീറ്ററായിരുന്നു.
അന്‍റാർട്ടിക്കയിലെ അന്തരീക്ഷത്തിൽ സ്ട്രാറ്റോസ്ഫിയറിന് മുകളിൽ ആണ് വിള്ളൽ കാണപ്പെടുന്നത്. എല്ലാ വർഷവും സെപ്റ്റംബറിലാണ് ഈ മേഖലയിൽ മാറ്റങ്ങൾ പ്രകടമാകുന്നത്. കഴിഞ്ഞ രണ്ട് ദശകങ്ങളായി വിള്ളൽ ചുരുങ്ങുന്ന പ്രതിഭാസത്തിനാണ് ഈ പ്രദേശം സാക്ഷ്യം വഹിക്കുന്നത്.
ഓസോൺ പാളികളിലെ വിള്ളലുമായി ബന്ധപ്പെട്ട സംരക്ഷണത്തിനായി അവതരിപ്പിച്ച മോൺട്രിയൽ പ്രോട്ടോക്കോൾ പ്രവർത്തിച്ചതായി കണക്കാക്കാമെന്ന് വിദഗ്ധർ പറയുന്നു. നാസയിലെയും നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷനിലെയും ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നിൽ. ഉപഗ്രഹങ്ങളുടെ സഹായത്തോടെയാണ് വിള്ളലിന്‍റെ തോത് നിർണ്ണയിച്ചത്.