ഇരട്ട വോട്ടുകളുടെ വിവരവുമായി യുഡിഎഫ് വെബ്സൈറ്റ്!
സംസ്ഥാനത്തെ ഇരട്ട വോട്ടുകളുടെ സമ്പൂർണ്ണ വിവരവുമായി യുഡിഎഫിന്റെ വെബ്സൈറ്റ്. www.operationtwins.com എന്ന വെബ്സൈറ്റിലാണ് ഈ വിവരമുള്ളത്. ആദ്യഘട്ടത്തിൽ വെബ്സൈറ്റിന്റെ പ്രവർത്തനം പരിശോധിക്കുന്നതിനായി 15 മിനിട്ടുനേരം പ്രവർത്തിപ്പിച്ച് നോക്കിയിരുന്നു. ഈ സമയത്ത് 18,000 പേർ വെബ്സൈറ്റ് സന്ദർശിച്ചുവെന്ന് കെ.പി.സി.സി വൃത്തങ്ങൾ പറഞ്ഞു. ബുധനാഴ്ച രാത്രി ഒൻപത് മണിയോടെ വെബ്സൈറ്റ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. ഇരട്ടവോട്ടുകളുടെ മുഴുവൻ വിവരങ്ങളും പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിട്ടുണ്ട്.
140 മണ്ഡലങ്ങളിലെയും ഇരട്ട വോട്ടുകളുടെ പൂർണ്ണ വിവരവും ഇതിൽ ലഭ്യമാണെന്ന് കെപിസിസി വൃത്തങ്ങൾ പറഞ്ഞു. കള്ളവോട്ടുകൾക്കെതിരെ യുഡിഎഫ് ബൂത്ത്തല പ്രവർത്തകരുടെ സംരംഭം എന്ന ആമുഖത്തോടെയാണ് വെബ്സൈറ്റ് സജ്ജമാക്കിയിരിക്കുന്നത്. വെബ്സൈറ്റിൽ പ്രവേശിച്ചാൽ ആർക്കുവേണമെങ്കിലും അവരുടെ പേരുമായി ഒത്തുനോക്കി ഇരട്ട വോട്ടുണ്ടോയെന്ന് പരിശോധിക്കാം.
38,586 ഇരട്ട വോട്ടുകൾ മാത്രമേ കണ്ടെത്താനായുള്ളുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ ഈ വാദം യുഡിഎഫ് അംഗീകരിച്ചിട്ടില്ല. 4.34 ലക്ഷം ഇരട്ട വോട്ടുകളെക്കുറിച്ചുള്ള പരാതിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിരുന്നത്. തങ്ങൾ നൽകിയ പരാതിയിന്മേൽ കൃത്യമായ നടപടി എടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് വെബ്സൈറ്റിലൂടെ വിവരങ്ങൾ പുറത്തു വിടുന്നതെന്ന് കെപിസിസി വൃത്തങ്ങൾ പറഞ്ഞു.