ഇരുചക്രവാഹനങ്ങളിലെ അഭ്യാസപ്രകടനങ്ങള്‍ ; കര്‍ശന നടപടികള്‍ സ്വീകരിക്കാനൊരുങ്ങി കേരളാ പോലീസ്
തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി കേരളാ പോലീസ്.
തിരക്കേറിയ നിരത്തുകളില്‍ പോലും ഇരുചക്രവാഹനത്തിലെ അഭ്യാസപ്രകടനങ്ങള്‍ പരിധി വിടുന്ന പ്രവണതയാണ് നാം കാണുന്നത്.
വൈറലാകാന്‍ വേണ്ടി ഇത്തരം അഭ്യാസപ്രകടനങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് ഇന്‍സ്റ്റാഗ്രാമിലും മറ്റു സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും പ്രചരിപ്പിക്കുന്ന രീതിയും കണ്ടുവരുന്നു. നമ്ബര്‍ പ്ലേറ്റ് ഇളക്കിമാറ്റിയിട്ട് അഭ്യാസം നടത്തുന്ന വീഡിയോ പ്രചരിപ്പിച്ചാല്‍ പോലീസിന് പിടിക്കാന്‍ കഴിയില്ല എന്ന തെറ്റിദ്ധാരണയാണ് പലര്‍ക്കുമെന്ന് പോലീസ് ചൂണ്ടിക്കാട്ടി.
ഇത്തരക്കാരുടെ നിരുത്തരവാദപരമായ അഭ്യാസപ്രകടനങ്ങള്‍ മൂലം കൂടുതലും നിരപരാധികളാണ് അപകടത്തിന് ഇരയാകുന്നത്. ആയതിനാല്‍ ജനങ്ങളുടെ ജീവന് ഭീഷണിയാകും വിധം അലക്ഷ്യമായി വാഹനമോടിക്കുന്നവരോട് യാതൊരുവിട്ടുവീഴ്ചയും ഇല്ലാത്ത നടപടികളാണ് പോലീസ് കൈക്കൊള്ളുന്നത്.നടപടികളുടെ ഭാഗമായി മോട്ടോര്‍വാഹന വകുപ്പിന്റെ സഹായത്തോടു കൂടി നേരിട്ടും ഇന്‍സ്റ്റാഗ്രാമിലും മറ്റും പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോകള്‍ ട്രെയ്സ് ചെയ്തും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്താകെ 103 വാഹനങ്ങള്‍ക്കെതിരെ നടപടി എടുത്തു. ഇതില്‍ 28 പേര്‍ക്കെതിരെ കേസെടുക്കുകയും 18 പേരുടെ ലൈസന്‍സ് റദ്ദ് ചെയ്യുകയും 127500 രൂപ പിഴ ചുമത്തുകയും ചെയ്തുവെന്നും കേരളാ പോലീസ് കൂട്ടിച്ചേര്‍ത്തു.