പട്ടിണി ബാധിച്ചവരുടെ എണ്ണം മൂന്ന് വർഷത്തിനുള്ളിൽ ഇരട്ടിയായെന്ന് യുഎൻ റിപ്പോർട്ട്
കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ പട്ടിണി അനുഭവിക്കുന്നവരുടെ എണ്ണം ഇരട്ടിയിലധികം വർദ്ധിച്ചതായി ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ്. ഈ കുതിപ്പിന്‍റെ പ്രധാന കാരണങ്ങളിലൊന്ന് കൊവിഡ് ആണെന്നും പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ എല്ലാവർക്കും ലഭ്യമാക്കണമെന്നും ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് അദ്ദേഹം ഒരു കുറിപ്പിൽ എഴുതി.
1945 ൽ ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (എഫ്എഒ) സ്ഥാപിതമായതിന്‍റെ സ്മരണയ്ക്കായാണ് ലോക ഭക്ഷ്യ ദിനം ആചരിക്കുന്നത്. ഈ ദിവസം, വിശപ്പ് അനുഭവിക്കുന്നവർക്കായുള്ള പ്രവർത്തനങ്ങളും ആരോഗ്യകരമായ ഭക്ഷണക്രമം ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകതയും ലക്ഷ്യമിട്ട് ലോകമെമ്പാടും ബോധവൽക്കരണ പരിപാടികൾ നടത്തുന്നു.
2022 ലെ ലോക ഭക്ഷ്യദിനത്തിന്‍റെ പ്രമേയം ‘ആരെയും പിന്നിലാക്കരുത്’ എന്നതാണ്. “മെച്ചപ്പെട്ട ലോകം കെട്ടിപ്പടുക്കുന്നതിൽ ലോകം പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, ധാരാളം ആളുകൾ പിന്നിലാണ്,” എഫ്എഒ പറഞ്ഞു. 40 രാജ്യങ്ങളിലായി 180 ദശലക്ഷം ആളുകൾ ഒഴിവാക്കാനാകാത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുമെന്ന് ഒരു ആഗോള റിപ്പോർട്ട് പറയുന്നു.