അവാർഡ് തുകയായി ലഭിച്ച 50 ലക്ഷം രൂപാ നിർധന കുട്ടികളുടെ ചികിത്സയ്ക്ക് നൽകി ഒരു ഡോക്ടർ*
കൊച്ചി ∙ കുട്ടികളുടെ ഹൃദയത്തെ പരിചരിക്കുന്ന ഡോക്ടർക്കു തനിക്ക് അവാർഡ് തുകയായി ലഭിച്ച 50 ലക്ഷം രൂപ എന്തു ചെയ്യണമെന്നതിനെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയ്ക്കായി അവാർഡ് തുക മുഴുവൻ നൽകി അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗം മേധാവി ഡോ. ആർ. കൃഷ്ണകുമാർ ഹൃദയം കവർന്നു.
വൈദ്യശാസ്ത്ര-ആരോഗ്യ പരിപാലന രംഗത്തെ മികവിനു സീതാറാം ജയ്പുരിയ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡാണ് ഡോ. ആർ. കൃഷ്ണകുമാറിനു ലഭിച്ചത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ സീതാറാം ജയ്പുരിയ ഫൗണ്ടേഷൻ ചെയർമാൻ അശോക് ജയ്പുരിയയുടെ സാന്നിധ്യത്തിൽ നടി സൊനാലി ബിന്ദ്ര അവാർഡ് സമ്മാനിച്ചു. അവാർഡ് തുക അമൃത ഹാർട്ട് കെയർ ഫൗണ്ടേഷനു നൽകുമെന്നു ഡോ. കൃഷ്ണകുമാർ പറഞ്ഞു.
അമൃതയിലെ പീഡിയാട്രിക് കാർഡിയോളജി സംഘത്തിനുള്ള അംഗീകാരമായാണു പുരസ്കാരത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. 1998ൽ അമൃത ആശുപത്രിയിൽ പ്രവർത്തനം തുടങ്ങിയ പീഡിയാട്രിക് കാർഡിയോളജി ഈ രംഗത്തു രാജ്യത്തെ മുൻനിര കേന്ദ്രങ്ങളിലൊന്നാണ്