തിരുവനന്തപുരം പോത്തന്‍കോട് നിന്നും ഒരാഴ്ച മുന്‍പ് കാണാതായ പെണ്‍കുട്ടിയെകുറിച്ച് ഇനിയും വിവരങ്ങള്‍ ഒന്നും കിട്ടിയിട്ടില്ലെന്ന് പോലീസ്
പോത്തന്‍കോട്: തിരുവനന്തപുരം പോത്തന്‍കോട് നിന്നും ഒരാഴ്ച മുന്‍പ് കാണാതായ പെണ്‍കുട്ടിയെകുറിച്ച് ഇനിയും വിവരങ്ങള്‍ ഒന്നും കിട്ടിയിട്ടില്ലെന്ന് പോലീസ്.
കഴിഞ്ഞ 30ാം തീയതിയാണ് ജാസ്മിന്‍ -സജൂന്‍ ദമ്ബതികളുടെ മകളും തിരുവനന്തപുരം എംജി കോളേജിലെ ഒന്നാം വര്‍ഷ ഫിസിക്സ് വിദ്യാര്‍ഥിനിയുമായ സുആദ (19)യെ കാണാതായത്.
പോത്തന്‍കോട്, കന്യാകുളങ്ങര അടക്കമുള്ള സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും കിട്ടിയില്ല. പോകാന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും പോലീസും ബന്ധുക്കളും അന്വേഷിച്ചു. സുആദയുടെ ഫോണിന്റെ കാള്‍ലിസ്റ്റ് പരിശോധിച്ച പോത്തന്‍കോട് പോലീസ് നിരവധി പേരെ ഇതിനോടകം തന്നെ ചോദ്യം ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിദ്യാര്‍ഥിനി വീട്ടില്‍ നിന്നും ഇറങ്ങിയത്. ട്യൂഷന്‍ എടുക്കാന്‍ പോയതെന്നാണ് വീട്ടുകാര്‍ ആദ്യം കരുതിയത്. എന്നാല്‍ വൈകിട്ട് നാലരയ്ക്ക് വീട്ടില്‍ നിന്നിറങ്ങിയ ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങി എത്താതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. വീടിന് അടുത്തുള്ള കടയില്‍ നിന്ന് 100 രൂപ വാങ്ങിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒരു ബാഗും മൂന്ന് ജോഡി വസ്ത്രങ്ങളുമായാണ് പോയത്. ബന്ധുക്കളും പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കന്യാകുളങ്ങരയിലെ കടയിലെ സിസിടിവി ദൃശ്യത്തില്‍ സുആദയെ കണ്ടു. റോഡ് മുറിച്ചു കടന്ന് കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസില്‍ കയറി തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്.
ഫോണ്‍ പരിശോധിച്ചിട്ടും സുഹൃത്തുക്കളെ വിളിച്ച് അന്വേഷിച്ചിട്ടും കാര്യമായ സൂചനകളൊന്നും കിട്ടിയില്ല. പോത്തന്‍കോട് പോലീസിലും ജില്ലാ പോലീസ് മേധാവിക്കും കുടുംബം പരാതി കൊടുത്തിട്ടുണ്ട്.